ബാർസിലോന∙ സ്പെയിനിലെ ബാർസിലോനയിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഫ്രാൻസിലേക്കു കടന്നിരിക്കാമെന്ന് റിപ്പോർട്ട്. ബാർസിലോനയ്ക്കു പിന്നാലെ ഭീകരാക്രമണ ശ്രമമുണ്ടായ കാംബ്രിൽസിലും സ്പെയിനിലാകെയും അക്രമിക്കായി തിരച്ചിൽ നടക്കുകയാണ്. മൊറോക്കോ സ്വദേശിയായ യൂനസ് അബോയാഖുബിനെ (22) തേടിയാണ് തിരച്ചിൽ. ഇയാൾ ഉൾപ്പെടെ 12 പേരാണ് ആക്രമണത്തിനു പിന്നിലെന്നും ഇയാളെ മാത്രമേ ഇനി പിടികൂടാനുള്ളെന്നും സ്പാനിഷ് പൊലീസ് അറിയിച്ചു. ബാക്കിയുള്ളവരെ പിടികൂടുകയോ പൊലീസ് വെടിവച്ചുവീഴ്ത്തുകയോ ചെയ്തിരുന്നു. അതേസമയം, ഇയാൾ ഫ്രാൻസിലേക്കു കടന്നെന്നതിനു വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും എന്നാൽ സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.
13 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അബോയാഖുബ് ആണ് വാൻ ഓടിച്ചിരുന്നതെന്നാണ് സംശയം. ആക്രമണത്തിനു പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വാനിൽ ഒരാളെ ഉണ്ടായിരുന്നുള്ളു, ഇത് ഇയാളാണെന്നാണു സംശയം. ആക്രമണത്തിൽ 34 രാജ്യങ്ങളിൽനിന്നുള്ള 120 പേർക്കു പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ ആക്രമണത്തിൽ പങ്കുള്ള അഞ്ച് പേരെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അതേസമയം, പൊലീസിനു മുന്നിൽ ഹാജരാകണമെന്ന് അബോയാഖുബിന്റെ മാതാവ് ഹാന്നൗ ഘാനിമി മാധ്യമങ്ങളിലൂടെ മകനോട് അഭ്യർഥിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു.