ന്യൂഡൽഹി ∙ പാളത്തിന്റെ വശങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്ന വിവരം ഉത്കൽ എക്സ്പ്രസിന്റെ ലോക്കോപൈലറ്റിനെ അറിയിച്ചിരുന്നില്ലെന്ന് ആരോപണം. പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകൾ വച്ച് റെയിൽവേ ബോർഡ് മുൻ ചെയർമാൻ അരുണേന്ദ്ര കുമാറാണ് ഈ നിഗമനത്തിലെത്തിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ആവശ്യപ്പെട്ടു. പുരി – ഹരിദ്വാർ – കലിംഗ ഉത്കൽ എക്സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. 23 പേര്‍ കൊല്ലപ്പെട്ടു.
‘എന്താണ് അങ്ങനെ സംഭവിച്ചതെന്നു അന്വേഷിച്ചു കണ്ടെത്തണം. സാധാരണ വേഗതയിലാണ് ട്രെയിൻ മുന്നോട്ടുപോയത്. പെട്ടെന്നാണ് ഡ്രൈവർ മുൻപിലെന്തോ കണ്ടത്. ഉടനെതന്നെ ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതാണ് അപകടത്തിലേക്കു നയിച്ചത്. മേഖലയിൽ പണി നടക്കുന്നുണ്ടായിരുന്നുവെന്നും ഡ്രൈവറെ വിവരം അറിയിച്ചിരുന്നില്ലെന്നുമാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്– അരുണേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.
‘ഐസിഎഫ് (ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി) കോച്ചുകളാണ് പല ട്രെയിനുകളിലും ഉപയോഗിക്കുന്നത്. അതിലാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത്. പുതിയ എൽഎച്ച്ബി (ലിങ്കെ ഹോഫ്മാൻ ബുഷ്) ഡിസൈനിലുള്ള കോച്ചുകൾ പാളം തെറ്റിയാലും യാത്രക്കാരെ രക്ഷപ്പെടുത്താം. എൽഎച്ച്ബി കോച്ചുകൾ വ്യാപകമാക്കാനുള്ള ശ്രമങ്ങളിലാണ് റെയിൽവേ ഇപ്പോൾ– അദ്ദേഹം വ്യക്തമാക്കി.