പരാതിക്ക് പരിഹാരമാകുന്നു; കേരളത്തിലും എംഎൽഎമാരുടെ ശമ്പളം കൂട്ടാൻ ശുപാർശ

തിരുവനന്തപുരം∙ എംഎൽഎമാർക്കു വീടു നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാൻസ് തുക ഇരട്ടിയാക്കാൻ തീരുമാനമെടുത്തതിനു പുറകെ ശമ്പളത്തിലും വർധനയ്ക്കു ശുപാർശ. 30 ശതമാനം വരെ വർധനയ്ക്കാണ് ജസ്റ്റിസ് ജയിംസ് കമ്മിഷന്റെ ശുപാർശ. ഇതുവഴി അലവൻസുകൾ ഉൾപ്പെടെ ശമ്പളം 80,000 രൂപയാകും. നിലവിൽ 39,500 രൂപയാണ് ശമ്പളയിനത്തിൽ എംഎൽഎമാർക്കു ലഭിക്കുന്നത്. ചില ബത്തകൾ കുറയ്ക്കാനും നിർദേശമുണ്ട്.

രണ്ടു മാസം മുൻപ് രൂപം നൽകിയ ജയിംസ് കമ്മിഷൻ സാമാജികരും മുൻ നിയമസഭാ സാമാജികരും ഉൾപ്പെടെ പൊതുസമൂഹത്തിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ചാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ശുപാർശ കൈമാറിയത്. മന്ത്രിമാർ, സ്പീക്കർ, ഡപ്യുട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ, മുൻ നിയമസഭാംഗങ്ങൾ എന്നിവരുടെ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനായാണ് റിട്ട. ഹൈക്കോടതി ജഡ്ജിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിഷനെ നിയമിച്ചത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണെന്ന് കേരളത്തിലെ എംഎൽഎമാർ‌ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ ദിവസം നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണ് എംഎൽഎമാർക്കു വീടു വയ്ക്കുന്നതിന് 20 ലക്ഷം രൂപയും വാഹനം വാങ്ങുന്നതിനു പത്തുലക്ഷം രൂപയും അഡ്വാൻസായി അനുവദിക്കാൻ തീരുമാനിച്ചത്. എംഎൽഎമാരുടെ അഡീഷണൽ പിഎമാരുടെ അലവൻസും വർധിപ്പിച്ചിട്ടുണ്ട്. തുക വർധനയ്ക്കു 2016 ജൂൺ 20 മുതൽ പ്രാബല്യമുണ്ടാകും.

കൂടിയ ശമ്പളം, കുറഞ്ഞ ശമ്പളം

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന എംഎൽഎമാർ തെലങ്കാനയിലാണ്; പ്രതിമാസ ശമ്പളം 2.50 ലക്ഷം രൂപ. രാജ്യത്തെ എംഎൽഎമാരുടെ ശരാശരി വേതനം പ്രതിമാസം 1.10 ലക്ഷം രൂപയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്നതു മണിപ്പൂരിലെ സാമാജികരാണ്; 18,500 രൂപ മാത്രം. ത്രിപുരയിൽ 24,200 രൂപയാണ് നിയമസഭാ സാമാജികരുടെ ശമ്പളം.

കഴിഞ്ഞ മാസം തമിഴ്നാട് എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 55,000 രൂപയിൽനിന്ന് 1.05 ലക്ഷം രൂപയായി വർധിപ്പിച്ചിരുന്നു. അവിടെ എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടര കോടി രൂപയാക്കിയും ഉയർത്തി. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും ആനുപാതികമായി വർധിപ്പിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനം അവസാനിച്ചത് സഭാംഗങ്ങൾക്കുള്ള ശമ്പളവർധനയ്ക്കുള്ള ബിൽ കൂടി പാസാക്കിയശേഷമായിരുന്നു. നിലവിലുള്ള വേതനം ഇരട്ടിയാക്കി എംഎൽഎമാർക്കും എംഎൽസിമാർക്കും ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം ഒന്നര ലക്ഷം രൂപ ലഭ്യമാക്കാനായിരുന്നു ബില്ലിലെ വ്യവസ്ഥ.