വൈക്കം∙ തന്റെ മകളുടെ ചിത്രം അനുവാദമില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ചു രാഹുൽ ഈശ്വറിനെതിരെ അഖിലയുടെ (ഹാദിയ) പിതാവ് ടിവിപുരം കാരാട്ട് കെ.എം. അശോകൻ നൽകിയ പരാതിയിൽ വൈക്കം പൊലീസ് കേസെടുത്തു. കഴിഞ്ഞ 17ന് രാഹുൽ ഇൗശ്വർ തന്റെ വീട്ടിൽ വന്നപ്പോൾ അനുവാദമില്ലാതെ പകർത്തിയ അഖിലയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു വിശ്വാസ വഞ്ചന കാട്ടിയതായും തീവ്രവാദ സംഘടനകളുടെ പക്കൽനിന്നു വൻതുക വാങ്ങി ഹാദിയ കേസ് അട്ടിമറിക്കാൻ രാഹുൽ ശ്രമിക്കുകയാണെന്നും അന്വേഷണം വേണമെന്നുമായിരുന്നു പരാതി.
വൈക്കം ടിവിപുരത്ത് കാരാട്ട് വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം ശക്തമായ പൊലീസ് സംരക്ഷണത്തിലാണു ഹാദിയ എന്ന പേരു സ്വീകരിച്ച അഖില ഇപ്പോൾ കഴിയുന്നത്. സുപ്രീം കോടതി കേസ് എൻഐഎയ്ക്കു വിട്ടതിനെ തുടർന്നു പൊലിസ് സംരക്ഷണം ശക്തമാണ്. മാധ്യമപ്രവർത്തകർ ഉൾപ്പെടെ പുറമേനിന്നുള്ള ഒരാൾക്കും അഖിലയുമായി സംസാരിക്കാൻ അനുവാദമില്ല. എന്നാൽ അഖിലയുടെ പിതാവിന്റെ അനുവാദം ഉള്ളവർക്കു മാത്രമെ പൊലിസ് വീട്ടിലേക്കു പ്രവേശനം അനുവദിക്കുകയുള്ളു. കഴിഞ്ഞ മേയ് 24 മുതൽ ഇതാണു സ്ഥിതി. വീടിനു പുറത്തു ടെന്റു കെട്ടി അതിൽ സായുധ പൊലീസും വീട്ടിനുള്ളിൽ വനിതാ പൊലീസും കാവലുണ്ട്.
ഹാദിയ എന്ന പേരു സ്വീകരിച്ച അഖില ഇപ്പോഴും നിസ്കാരവും പ്രാർഥനയുമായി വീടിനുള്ളിൽ തന്നെ കഴിയുകയാണ്. ഇവിടെ എത്തിയതിനു ശേഷം വീടു വിട്ടു പുറത്തേക്കു പോയിട്ടില്ല.