ന്യൂഡൽഹി ∙ തികച്ചും പരാജയപ്പെടുകയും പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തുവെങ്കിലും ഹരിയാനയിലെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറെ മാറ്റേണ്ടെന്നു ബിജെപി നേതൃത്വം തീരുമാനിച്ചു. ഡൽഹിയിൽ പാർട്ടി പ്രസിഡന്റ് അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിമിനെ സഹായിക്കുന്ന നിലപാടാണു ബിജെപി കൈക്കൊള്ളുന്നതെന്നു വ്യക്തമായിക്കഴിഞ്ഞു. ഡൽഹിയിൽ രാജ്നാഥ് സിങ് വിളിച്ചുചേർത്ത യോഗത്തിനു ശേഷമാണു ഖട്ടർ തുടരുമെന്ന് അമിത് ഷാ അറിയിച്ചത്.
ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി അനിൽ ജയിൻ, മുതിർന്ന നേതാവ് കൈലാസ് വിജയ് വാർഗിയ എന്നിവരുമായും ഷാ ചർച്ച നടത്തിയിരുന്നു. ഈ സന്ദർഭത്തിൽ മുഖ്യമന്ത്രിയെ മാറ്റിയാൽ പാർട്ടിയുടെ പ്രതിച്ഛായ തകരുമെന്ന നിലപാടാണു നേതാക്കൾ കൈക്കൊണ്ടത്. പഞ്ച്കുളയിൽ 32 പേർ മരിക്കാനിടയായ അക്രമം തടയാൻ മുഖ്യമന്ത്രി ഒരു നടപടിയും എടുത്തിരുന്നില്ല. ഒരാഴ്ച മുൻപുതന്നെ ദേര അനുയായികൾ പഞ്ച്കുളയിലേക്കു വരുമെന്നു രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നതാണ്.
മാനഭംഗത്തിനു കോടതി ശിക്ഷിക്കുകയും അനുയായികൾ അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടും റാം റഹിം സിങ്ങിനെ കുറ്റപ്പെടുത്താൻ ബിജെപി തയാറായിട്ടില്ല. 2014ൽ ദേരയുടെ പിന്തുണ സ്വീകരിച്ച ബിജെപിക്കു ധാർമികമായി മറ്റൊരു നിലപാടു കൈക്കൊള്ളാനുമാവില്ല. മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞതു ദേരയുടെ അനുയായികൾക്കിടയിൽ സാമൂഹിക വിരുദ്ധർ കടന്നുകയറിയെന്നാണ്. ഹരിയാനയിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വരാൻ സഹായിച്ചവരിൽ റാം റഹിം സിങ്ങും ഉൾപ്പെടുന്നു.
അന്നു മുഖ്യമന്ത്രി പദവിയിലേക്കു പുതുമുഖമായ ഖട്ടറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി പ്രസിഡന്റ് അമിത് ഷായും കൂടി നിശ്ചയിക്കുകയായിരുന്നു. എന്നാൽ, ആ വർഷംതന്നെ ഹിസ്സാറിൽ ആൾദൈവമായ റാം പാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചപ്പോൾ, അക്രമങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. വീണ്ടും 2015ൽ സംവരണം ആവശ്യപ്പെട്ടു ജാട്ടുകൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായപ്പോൾ 30 പേർ കൊല്ലപ്പെട്ടു. 2014ലെ ലോക്സഭാ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തു നരേന്ദ്ര മോദി സിർസയിൽ പ്രസംഗിക്കവേ ദേര തലവനെ പ്രശംസിച്ചിരുന്നു. സ്വച്ഛ് ഭാരത് പദ്ധതിക്കു റാം റഹിം നൽകുന്ന പിന്തുണയെയും മോദി പ്രശംസിച്ചതാണ്.