ന്യൂഡൽഹി ∙ വിവാദ ആൾദൈവവും ദേരാ സച്ചാ സൗദയുടെ തലവനുമായ ഗുർമീത് റാം റഹിം മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്ന കോടതിവിധിയിൽ പ്രതിഷേധിച്ച് കലാപം സൃഷ്ടിച്ച ഗുർമീതിന്റെ അനുയായികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുർമീതിനും അനുയായികൾക്കുമെതിരെ കർശന നിലപാടെടുക്കാൻ ബിജെപിയും കേന്ദ്രസർക്കാരും മടിക്കുന്നു എന്നുള്ള ആക്ഷേപങ്ങൾക്കിടെയാണ് ഗുർമീതിനെയോ അയാളുടെ പ്രസ്ഥാനത്തെയോ പേരെടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി ‘മൻ കി ബാത്തി’ലാണ് മോദിയുടെ വിമർശനം.
വിശ്വാസം, മതം, രാഷ്ട്രീയം തുടങ്ങിയവയുടെ പേരിൽ ഒരു തരത്തിലുമുള്ള സംഘർഷം വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും വ്യക്തിയിലോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ പാരമ്പര്യത്തിലോ സമൂഹത്തിലോ അധിഷ്ഠിതമായ വിശ്വാസത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ല. കലാപം സൃഷ്ടിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മോദി മുന്നറിയിപ്പു നൽകി. കോടതിവിധിക്കു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ 36 പേർ കൊല്ലപ്പെട്ടു.
കോടതിയുടെ ‘കൊട്ടി’നു പിന്നാലെ മോദിയുടെ വിമർശനം
മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനു പിന്നാലെയുണ്ടായ അക്രമങ്ങളുടെ പേരിൽ പ്രധാനമന്ത്രിയെയും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെയും ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. വോട്ടു ബാങ്ക് പ്രീണനത്തിനായുള്ള രാഷ്‌ട്രീയ കീഴടങ്ങലാണു ഹരിയാന സർക്കാർ നടത്തിയതെന്നായിരുന്നു പഞ്ചാബ്–ഹരിയാന ഹൈക്കോടതിയുടെ വാക്കാലുള്ള കുറ്റപ്പെടുത്തൽ.
ക്രമസമാധാനകാര്യത്തിൽ ആശങ്ക ഉന്നയിച്ച് പഞ്ച്‌കുളയിലെ ഒരാൾ നൽകിയ പൊതുതാൽപര്യ ഹർജിയാണ് അവധിയായിട്ടും അടിയന്തര സ്വഭാവം കണക്കിലെടുത്ത് ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് സുരീന്ദർ സിങ് സരോൺ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കോടതിയുടെ വിമർശനമിങ്ങനെ:
പ്രധാനമന്ത്രി ബിജെപിയുടേതല്ല, ഇന്ത്യയുടെ മുഴുവനുമാണ്. അക്രമങ്ങളുണ്ടായശേഷം മാത്രമാണു കേന്ദ്രം ഇടപെട്ടത്. കേന്ദ്രസർക്കാർ ചില പ്രദേശങ്ങളെ കോളനികളായി കരുതുന്നുണ്ടോ? നമ്മൾ ഒറ്റ രാഷ്‌ട്രമാണോ പാർട്ടിയുടെ രാഷ്‌ട്രമാണോ? (മറ്റു പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലും അക്രമങ്ങളുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ സത്പാൽ ജെയിൻ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ഈ പരാമർശം).
ഗുർമീതിനെയും പ്രസ്ഥാനത്തെയും കൈവിടാ(നാകാ)തെ ബിജെപി
ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിമിനെ സഹായിക്കുന്ന നിലപാടാണു ബിജെപി കൈക്കൊള്ളുന്നതെന്ന വിമർശനം വ്യാപകമാണ്. മാനഭംഗത്തിനു കോടതി ശിക്ഷിക്കുകയും അനുയായികൾ അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടും റാം റഹിം സിങ്ങിനെ കുറ്റപ്പെടുത്താൻ ബിജെപി തയാറായിട്ടില്ല. 2014ലെ ലോക്സഭാ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തു നരേന്ദ്ര മോദി സിർസയിൽ പ്രസംഗിക്കവേ ദേര തലവനെ പ്രശംസിച്ചിരുന്നു. സ്വച്ഛ് ഭാരത് പദ്ധതിക്കു റാം റഹിം നൽകുന്ന പിന്തുണയെയും മോദി പ്രശംസിച്ചതാണ്.
2014ൽ ദേരയുടെ പിന്തുണ സ്വീകരിച്ച ബിജെപിക്കു ധാർമികമായി മറ്റൊരു നിലപാടു കൈക്കൊള്ളാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ശനിയാഴ്ച പറഞ്ഞതു ദേരയുടെ അനുയായികൾക്കിടയിൽ സാമൂഹിക വിരുദ്ധർ കടന്നുകയറിയെന്നാണ്. ഹരിയാനയിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വരാൻ സഹായിച്ചവരിൽ റാം റഹിം സിങ്ങും ഉൾപ്പെടുന്നു.