ഇക്വഡോറിനെതിരെ വിജയം തുടർന്ന് ബ്രസീൽ; അർജന്റീനയ്ക്ക് സമനില

ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയ കുട്ടീഞ്ഞോ വില്യനുമൊത്ത് അഹ്ലാദം പങ്കിടുന്നു.

ബ്യൂണസ് ഐറിസ് ∙ അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളെ കൂടുതൽ പ്രതിസിന്ധിയിലാക്കി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വീണ്ടും സമനില. ഇന്നു പുലർച്ചെ നടന്ന മൽസരത്തിൽ യുറഗ്വായാണ് അർജന്റീനയെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്. അതേസമയം, ലോകകപ്പിൽ സ്ഥാനമുറപ്പിച്ച ബ്രസീൽ ഇക്വഡോറിനെതിരെയും വിജയം തുടർന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. പൗളീഞ്ഞോ, ഫിലിപ്പോ കുട്ടീഞ്ഞോ എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. ഇതോടെ യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം ബ്രസീൽ അരക്കിട്ടുറപ്പിച്ചു.

അതേസമയം, രണ്ടാം സ്ഥാനത്തുള്ള കൊളംബിയ വെനസ്വേലയോട് ഗോൾരഹിത സമനില വഴങ്ങി. ബൊളീവിയയ്ക്കെതിരെ പെറു ജയിച്ചുകയറി. എഡിസൻ ഫ്ലോറസ്, ക്യൂവ എന്നിവരുടെ വകയായിരുന്നു പെറുവിന്റെ ഗോളുകൾ. ബൊളീവിയയുടെ ആശ്വാസഗോൾ ആൽവരസ് നേടി. ചിലെയെ അട്ടിമറിച്ച പരഗ്വായും മികവുകാട്ടി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പാരഗ്വായുടെ ജയം.

15 മൽസരങ്ങളിൽനിന്ന് 36 പോയിന്റുള്ള ബ്രസീൽ ഒന്നാം സ്ഥാനത്തും 25 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്തും തുടരുകയാണ്. 24 പോയിന്റുള്ള യുറഗ്വായ് മൂന്നാം സ്ഥാനത്താണ്. ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അർജന്റീന. പാരഗ്വായോടു തോറ്റ ചിലെയ്ക്കും 23 പോയിന്റാണ് ഉള്ളതെങ്കിലും മികച്ച ഗോൾശരാശരിയുടെ മികവിലാണ് അവർ നാലാം സ്ഥാനത്തു തുടരുന്നത്. ആദ്യ നാലു സ്ഥാനക്കാർക്കാണ് ഫൈനൽ റൗണ്ടിലേക്കു നേരിട്ടു യോഗ്യത ലഭിക്കുക.

വിശദമായ വാർത്തയ്ക്കും ചിത്രങ്ങൾ, വിഡിയോ എന്നിവയ്ക്കും