ന്യൂഡൽഹി∙ റഷ്യയിൽ കൊടിയിറങ്ങിയ ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾ ടെലിവിഷനിലും ഇന്റർനെറ്റിലുമായി കണ്ടത് 25.4 കോടി ജനങ്ങൾ. ടൂർണമെന്റിന്റെ ഔദ്യോഗിക സംപ്രേഷകരായിരുന്ന സോണി പിക്ചേഴ്സ് നെറ്റ്‌വർക്സ് ഇന്ത്യ (എസ്പിഎൻ) ആണു കണക്കു പുറത്തുവിട്ടത്.
ആകെ 64 മൽസരങ്ങളാണു തൽസമയം സംപ്രേഷണം ചെയ്തത്. 11.05 കോടി ജനങ്ങളാണു ടെലിവിഷനിൽ മൽസരങ്ങൾ കണ്ടത്. കേരളത്തിൽ കളി കണ്ടതു 1.78 കോടി പേരാണ്. സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കിൽ കേരളം രണ്ടാം സ്ഥാനത്താണ്; ഒന്നാമതു ബംഗാൾ – 2.22 കോടി. ലോകകപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ട് 200 കോടി രൂപ പരസ്യവരുമാന ഇനത്തിൽ നേടിയതായും സോണി വെളിപ്പെടുത്തി.
ഇംഗ്ലിഷിനും ഹിന്ദിക്കും പുറമേ മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ഇത്തവണ സംപ്രേഷണം നടത്തിയതും വിജയകരമായി. ഇന്ത്യയിലാകെ 4.07 കോടി പേർ പ്രാദേശിക ഭാഷയിലെ സംപ്രേഷണമാണു കണ്ടത്.