ബെർലിൻ ∙ ബെലോ ഹൊറിസോന്റി ദുരന്തത്തിന് നാലു വർഷം തികയാനൊരുങ്ങുമ്പോൾ, വീണ്ടുമൊരിക്കൽക്കൂടി തോൽക്കാൻ മനസ്സില്ലെന്നു പ്രഖ്യാപിച്ച ബ്രസീലിന്റെ യുവനിര, ലോകചാംപ്യന്മാരായ ജർമനിയെ മുട്ടുകുത്തിച്ചു (1–0).
സന്നാഹ മൽസരത്തിന്റെ 37–ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജിസ്യൂസാണ് കാനറികളുടെ വിജയഗോൾ നേടിയത്. വില്ലിയന്റെ ക്രോസിനു ജിസ്യൂസ് ഗോളിലേക്കു തല വയ്ക്കുകയായിരുന്നു. 2016 യൂറോകപ്പിനു ശേഷം അപരാജിതരായി കുതിച്ച ജർമനിയുടെ ആദ്യതോൽവിയുമായി ഇത്.
ബ്രസീൽ ആതിഥ്യം വഹിച്ച കഴിഞ്ഞ ലോകകപ്പിൽ ബെലോ ഹൊറിസോന്റിയിൽ നടന്ന സെമിയിൽ ജർമനിയോട് 7–1നു തോൽക്കേണ്ടി വന്നതിന്റെ ഓർമകളുമായാണു സീനിയർ ടീം ഇന്നലെയിറങ്ങിയത്. കഴിഞ്ഞ ഒളിംപിക്സ് ഫുട്ബോളിന്റെ ഫൈനലിൽ ബ്രസീൽ അണ്ടർ 21 ടീം ജർമനിയെ കീഴടക്കി ചാംപ്യന്മാരായിരുന്നു.
കൈലിയൻ എംബാപെയും (രണ്ട്) പോൾ പോഗ്ബയും ഗോളടിച്ചു തിളങ്ങിയ കളിയിൽ ഫ്രാൻസ്, ലോകകപ്പ് ആതിഥേയരായ റഷ്യയെ തോൽപിച്ചു. റൊമേലു ലുകാകു രണ്ടുഗോളടിച്ച കളിയിൽ ബെൽജിയം 4–0ന് സൗദിയെ തോൽപിച്ചു.