കണ്ണൂർ∙ ലോകകപ്പിൽ കൊറിയയോടു തോറ്റു പുറത്തായ ജർമൻ ടീമിന്റെ ആരാധകർക്കു കണ്ണൂർ കലക്ടറുടെ വക ട്രോൾ. ജർമനി ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിൽ തന്നെ തോറ്റു പുറത്തായതിൽ മനംനൊന്തിരിക്കുന്ന ആരാധകരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെയാണു കലക്ടർ മിർ മുഹമ്മദ് അലി ട്രോളിയത്. ജർമൻ ആരാധകർ ഉടൻ ഫ്ലെക്സെടുത്തു മാറ്റണമെന്നാണു കലക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. ‘കണ്ണൂരിലെ എല്ലാ ജർമൻ ആരാധകരും ജര്‍മൻ ടീമിനു വേണ്ടി വെച്ച ഫ്ലെക്സുകൾ സ്വമേധയാ നീക്കം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു’– കലക്ടർ അഭിപ്രായപ്പെട്ടു.
ബുധനാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ജർമനി ദക്ഷിണ കൊറിയയോടു തോറ്റത്. ഇതോടെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണു ലോക ചാംപ്യൻമാരുടെ മടക്കം. മത്സരത്തിൽ ജർമനി തോറ്റതിനു തൊട്ടുപിന്നാലെ കലക്ടറുടെ പോസ്റ്റു വന്നു. ജർമനിയോടു വല്ല വിരോധവുമുണ്ടെങ്കിൽ പറഞ്ഞാൽ മതി ഇങ്ങനെ ട്രോളണോ എന്നു ആരാധകർ കമന്റിടുന്നുണ്ട്. ഫ്ലെക്സ് വയ്ക്കാൻ മാത്രമല്ല, എടുത്തുമാറ്റാൻ അറിയാമെന്നും ചിലർ പറഞ്ഞിട്ടുണ്ട്.