ബാങ്കോക്ക് ∙ തായ്‍ലൻഡിലെ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോൾ പരിശീലകനെയും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ. തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലാണു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കുട്ടികളെ ക്ഷണിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഫിഫ അറിയിച്ചിട്ടുമുണ്ട്. കുട്ടികൾക്കും രക്ഷാപ്രവർത്തകർക്കും ആവേശം പകരാൻ ഈ സന്ദേശത്തിനു കഴിയുമെന്നാണു കരുതുന്നത്.
ഗുഹയിൽ അകപ്പെട്ട 13 പേരെയും എത്രയും പെട്ടെന്നു രക്ഷിക്കാന്‍ കഴിയട്ടെ. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് മോസ്കോയിൽ നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ അതിഥികളായി അവരെ ക്ഷണിക്കാന്‍ ആഗ്രഹമുണ്ട്– ഫിഫ പ്രസിഡന്റ് പറഞ്ഞു. അതേസമയം, ഇവരെ ഗുഹയിൽനിന്നു പുറത്തെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വരുംദിവസങ്ങളിൽ പേമാരിയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ഗുഹയ്ക്കുള്ളിൽ രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും കുട്ടികൾക്കൊപ്പമുണ്ട്. അവിടേക്കു വൈദ്യുതിയും ഇന്റർനെറ്റ് കണക്‌ഷനും എത്തിക്കാൻ കേബിളുകൾ വലിക്കുന്ന ജോലി തുടരുന്നു.
ഗുഹയ്ക്കുള്ളിലെ വെള്ളം മോട്ടോറുകൾ ഉപയോഗിച്ച് പമ്പുചെയ്യുന്നതും തുടരുന്നുണ്ട്. ഭക്ഷണവും മരുന്നും മറ്റും കിട്ടിയതോടെ കുട്ടികൾ ആരോഗ്യവാന്മാരാണ്. ഇവർക്കുള്ള നീന്തൽ പരിശീലനവും തുടരുന്നു. നാലു സാധ്യതകളാണ് ഇപ്പോഴും രക്ഷാപ്രവർത്തകരുടെ മുന്നിലുള്ളത്: 1) കുട്ടികളെ നീന്തൽ പഠിപ്പിച്ചു ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ടുകളിലൂടെ നീന്തി പുറത്തെത്തുക. 2) ഗുഹയിലെ വെള്ളം മുഴുവൻ പമ്പുചെയ്തു കളഞ്ഞ് നടന്നെത്തുക. 3) കുട്ടികളുള്ള സ്ഥലത്തേക്കു മുകളിൽനിന്ന് ടണൽ കുഴിക്കുക. 4) സെപ്റ്റംബർ – ഒക്ടോബറിൽ മഴക്കാലം കഴിഞ്ഞ് വെള്ളമിറങ്ങുന്നതു വരെ കാത്തിരിക്കുക.