Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ 'നാടുകടത്തിയ' യോഗാ ഗുരു തായ്‍ലൻഡിൽ ലൈംഗിക കുരുക്കിൽ

Yoga Yoga - Representative Image

ബാങ്കോക്ക്∙ വീസ റദ്ദായതിനെ തുടർന്ന് ഇന്ത്യ നാടുകടത്തിയ യോഗാ ഗുരുവിനെതിരെ തായ്‍ലൻഡിൽ ലൈംഗിക ആരോപണം. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിലറിയപ്പെടുന്ന റുമാനിയ സ്വദേശിക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നത്. കൊഹ് ഫാൻഗൻ ദ്വീപിലെ അഗാമ യോഗാ കേന്ദ്രത്തിൽ ഗുരു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി ആരോപിച്ച് വിനോദസഞ്ചാരികളായ 14 സ്ത്രീകൾ രംഗത്തെത്തി. നാർസിസ് ടർകാവു എന്നാണ് യോഗാ ഗുരുവിന്റെ യഥാർഥ പേര്. ആരോപണം ഉയർന്നതോടെ ജൂണിൽ തന്നെ ഇയാൾ രാജ്യം വിട്ടതായാണ് സൂചന.

ഋഷികേശിലായിരുന്ന ടർകാവു, തന്‍റെ വീസ റദ്ദാണെന്ന വിവരം അധികൃതർ മനസിലാക്കിയത് തിരിച്ചറിഞ്ഞതോടെ 2003 ൽ ഇന്ത്യ വിട്ട് തായ്‍ലൻഡിലെത്തി യോഗാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു. ജ്ഞാനോദയം വാഗ്ദാനം ചെയ്ത് നൂറു കണക്കിന് സ്ത്രീകളെ ഇയാൾ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ആരോപണമുണ്ട്. ലൈംഗിക അതിക്രമം, മാനഭംഗം, സ്ത്രീവിരുദ്ധമായ ബോധനരീതി എന്നിവയാണ് ഇവിടെ നടക്കുന്നതെന്ന് ഇരകളായ 14 സ്ത്രീകള്‍ കുറ്റപ്പെടുത്തി. ബ്രിട്ടൻ, ഓസ്ട്രേലിയ, ബ്രസീൽ, യുഎസ്, കാനഡ സ്വദേശികളാണിവർ.

ആത്മീയമായ സുഖപ്പെടുത്തലെന്ന വ്യാജേന ടർക്കാവു മാനഭംഗം ചെയ്തെന്ന് മൂന്നു സ്ത്രീകള്‍ ആരോപിച്ചു. ഓഫിസിൽ സ്വകാര്യ സംഭാഷണങ്ങളിലൂടെ ലൈംഗികമായി അതിക്രമിച്ചെന്നാണ് മറ്റുള്ളവരുടെ പരാതി. ആരോപണങ്ങൾ ആദ്യം നിഷേധിച്ച യോഗാ കേന്ദ്രം അധികൃതർ, തെളിവുമായി 31 പേർ രംഗത്തെത്തിയതോടെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലോകത്തിലെ മികച്ച താന്ത്രിക യോഗാ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന അഗാമ യോഗാ കേന്ദ്രത്തിനു തായ്‍ലാൻഡിനു പുറമെ ഇന്ത്യ, കൊളംബിയ, ഓസ്ട്രിയ എന്നിവിടങ്ങളിലും ശാഖകളുണ്ട്.