റോസ്തോവ് ഓൺ ഡോൺ (റഷ്യ)∙ സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഫിഫ ലോകകപ്പിൽ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടുപോയ ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
റോസ്സിയ എയർബസ് എ319 ആണ് സെന്റ് പീറ്റേഴ്സ്ബർഗിൽനിന്ന് റോസ്തോവ് ഓൺ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച യുറുഗ്വായ്ക്കെതിരെയാണു സൗദിയുടെ രണ്ടാം മൽസരം. എൻജിനു തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല.