മോസ്കോ ∙ റഷ്യയിൽ ലോകകപ്പ് ഫുട്ബോൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിത മാധ്യമപ്രവർത്തകയെ ചുംബിച്ച് ആരാധകൻ. സ്പേയിനിലെ സ്വകാര്യ വാർത്താചാനൽ റിപ്പോർട്ടർ ജൂലിയത് ഗോൺസാലസ് തെറാനാണു ദുരനുഭവം. മത്സരം നടക്കുന്ന സ്റ്റേഡിയത്തിനു വെളിയിൽ ജൂലിയത് തത്സമയവിവരണം നൽകുന്നതിനിടെ ഒരു ആരാധകൻ അപ്രതീക്ഷിതമായി ചുംബിക്കുകയായിരുന്നു. ഒരു നിമിഷം പതറിയെങ്കിലും ജൂലിയത് വിവരണം തുടർന്നു.
സമൂഹമാധ്യമത്തിൽ വിഡിയോ ഉൾപ്പെടെ പോസ്റ്റ് ചെയ്ത ജൂലിയത് സംഭവത്തിനോടു രൂക്ഷമായാണു പിന്നീടു പ്രതികരിച്ചത്. ‘ഇത്തരത്തിലുള്ള പെരുമാറ്റമല്ല ഞങ്ങൾ അർഹിക്കുന്നത്. നമ്മൾ എല്ലാവരും ഒരുപോലെ മൂല്യമുള്ളവരും ജോലി ചെയ്യുന്നവരുമാണ്. ഫുട്ബോളിന്റെ ആവേശം മനസ്സിലാക്കുന്നു. ഒട്ടേറെ കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള തനിക്കിത് ഒറ്റപ്പെട്ട സംഭവമാണ്. സ്നേഹവും പീഡനവും തമ്മിലുള്ള ദുരം മനസ്സിലാക്കണം’–ജൂലിയത് സമൂഹമാധ്യമത്തിൽ എഴുതി. സംഭവത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.