Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരദേശ ഹൈവേയും മലയോര ഹൈവേയും നവംബർ ഒന്നിനു നിർമാണം തുടങ്ങും

coastal-road-map

തിരുവനന്തപുരം∙ കേരളത്തിന്റെ ഗതാഗത മേഖലയിൽ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന രണ്ടു സംസ്ഥാന ഹൈവേകളുടെ നിർമാണം നവംബർ ഒന്നിനു തുടങ്ങാൻ സർക്കാർ തീരുമാനം. 6500 കോടി രൂപ ചെലവു വരുന്ന തീരദേശ ഹൈവേ, 3500 കോടി ചെലവു വരുന്ന മലയോര ഹൈവേ എന്നിവ നാലുവർഷം കൊണ്ടു പൂർത്തിയാക്കുകയാണു ലക്ഷ്യം. നിർമാണം തുടങ്ങുന്നതിനു മുന്നോടിയായി ടോട്ടൽ സ്റ്റേഷൻ സർവേ, മണ്ണു പരിശോധന എന്നിവ തുടങ്ങി.

തീരദേശ പാതയുടെ നിർമാണം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും മലയോരപാതയുടെ നിർമാണം കാസർകോട്, കണ്ണൂർ ജില്ലകളിലും തുടങ്ങാനാണു മരാമത്ത് വകുപ്പിന്റെ തീരുമാനം. രണ്ടു ജില്ലകളിലെ മലയോര പാതയുടെ രൂപരേഖ നാറ്റ്പാക് നേരത്തേ സർക്കാരിനു സമർപ്പിച്ചിരുന്നു. തീരപാതയുടെ രൂപരേഖ മരാമത്ത് വകുപ്പു തന്നെയാണു തയാറാക്കുന്നത്. നാറ്റ്പാക്കിന്റെ നേതൃത്വത്തിലുള്ള മണ്ണുപരിശോധന ഈ മാസം പൂർത്തിയാകും.

രണ്ടു ഹൈവേകൾക്കും 12 മീറ്റർ വീതിയായിരിക്കും – ഏഴു മീറ്ററിൽ രണ്ടുവരിപ്പാത; ബാക്കി ഡിവൈഡറിനും ഇരു ഭാഗത്തുമുള്ള നടപ്പാതയ്ക്കും. സ്ഥലമേറ്റെടുപ്പു ബുദ്ധിമുട്ടുള്ള മേഖലകളിൽ എട്ടുമീറ്ററായിരിക്കും പാതയുടെ വീതി. ആദ്യഘട്ടത്തിന് അടുത്ത മാസം കിഫ്ബിയിൽ നിന്നു പണം ലഭ്യമാക്കാനാണു മരാമത്ത് വകുപ്പിന്റെ ശ്രമം. ഒരു വർഷത്തിനകം 2500 കോടി രൂപയാണു കിഫ്ബിയിൽ നിന്നു പ്രതീക്ഷിക്കുന്നത്.

തീരദേശ ഹൈവേ

∙ തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് കുഞ്ചത്തൂർ വരെ 657 കിലോമീറ്റർ

∙ ചെലവ് 6500 കോടി രൂപ 

∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ വഴി. 

∙ 28 കിലോമീറ്റർ പുതിയ റോഡ് നിർമിക്കും.  

∙ നാലു റെയിൽവേ മേൽപാലങ്ങളും 14 പാലങ്ങളും നാലു മേൽപാലങ്ങളും നിർമിക്കും. 

  മലയോര ഹൈവേ

∙ കാസർകോട് – തിരുവനന്തപുരം:  1267 കിലോമീറ്റർ 

∙ ചെലവ് 3500 കോടി 

∙ ആലപ്പുഴ ഒഴികെ 13 ജില്ലകൾ വഴി.  

∙ 650 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കേണ്ടിവരും. 

∙ ബാക്കി നിലവിലുള്ള റോഡുകൾ ഉപയോഗിക്കും. 

∙ കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ നിർമാണം ആദ്യഘട്ടത്തിൽ