Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിതയുടെ കുടുംബത്തിനു പിന്തുണയുമായി വിജയ്; ‘നീറ്റ്’ സമരത്തിന് അയവില്ല

Vijay നടൻ വിജയ് അനിതയുടെ വീട്ടിലെത്തിയപ്പോൾ. ചിത്രം കടപ്പാട് ട്വിറ്റർ

ചെന്നൈ ∙ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനിതയുടെ വീട് ചലച്ചിത്ര താരം വിജയ് സന്ദര്‍ശിച്ചു. അനിതയുടെ അച്ഛനുമായും മറ്റു കുടുംബാംഗങ്ങളുമായും സംസാരിച്ച വിജയ്, അവർക്കു പിന്തുണ അറിയിക്കുകയും ചെയ്തു. ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും ‘നീറ്റ്’ കടമ്പയിൽ തട്ടി അനിതയ്ക്കു മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല.

തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത. പത്താം ക്ലാസിൽ 500ൽ 442 മാർക്കും പ്ലസ്ടുവിൽ 1200ൽ 1176 മാർക്കം നേടിയ അനിത, പ്ലസ്ടു പരീക്ഷയിൽ തമിഴ്നാട്ടിലെ പെരമ്പാളൂർ ജില്ലയിൽ കണക്കിനും ഫിസിക്സിനും 100 മാർക്ക് നേടിയ ഏക വിദ്യാർഥിനിയായിരുന്നു. മൂത്ത സഹോദരൻ മണിരത്നം എംബിഎ ബിരുദധാരിയാണ്. എംകോം പൂർത്തിയാക്കിയ രണ്ടാമത്തെയാൾ സതീഷ് ബാങ്ക് ജീവനക്കാരനാണ്. മറ്റു സഹോദരന്മാരായ പാണ്ഡ്യനും അരുണും എൻജിനീയറിങ്ങിനു പഠിക്കുന്നു.

Vijay നടൻ വിജയ് അനിതയുടെ വീട്ടിലെത്തിയപ്പോൾ. ചിത്രം കടപ്പാട് ട്വിറ്റർ

അനിതയുടെ മരണത്തെ തുടർന്നു തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സമരം ജനജീവിതത്തെ ബാധിക്കരുതെന്നും ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചതിനു ശേഷവും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ചെന്നൈ തരമണി ലോ കോളജിലെ വിദ്യാര്‍ഥികള്‍ പഠനം മുടക്കി സമരം നടത്തുകയാണ്. ന്യൂ കോളജിലും സമരം തുടരുന്നു. കഴിഞ്ഞ ദിവസം നുങ്കമ്പാക്കം ഗവണ്‍മെന്‍റ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ റോഡ് ഉപരോധിച്ച് നടത്തിയ സമരം ശ്രദ്ധേയമായി.