ന്യൂഡൽഹി∙ ഇന്ത്യയെ വൃത്തിയാക്കാൻ യുവാക്കൾ വിശ്രമമില്ലാതെ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘യുവ ഇന്ത്യ, നവ ഇന്ത്യ’ എന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് പ്രധാനമന്ത്രി വിദ്യാർഥികളോടും യുവാക്കളോടും സംസാരിച്ചത്. വിദ്യാർഥി സംഘടനകൾ സർവകലാശാല തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുമ്പോൾ പ്രചാരണവിഷയത്തിൽ വൃത്തിക്കു കൂടുതൽ പ്രാധാന്യം നൽകണം. സർഗാത്മതകയ്ക്കും പുതുമയ്ക്കും സർവകലാശാല ക്യാംപസുകളേക്കാൾ മികച്ച സ്ഥലമില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
ധർമ്മപ്രഭാഷണത്തിൽ സ്വാമി വിവേകാനന്ദൻ വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ആശയങ്ങളും ആദർശനിഷ്ഠയും രാമകൃഷ്ണ മിഷനിലൂടെ രൂപപ്പെട്ടതാണ്. ഗുരുവിനെയല്ല, സത്യത്തെയാണ് അദ്ദേഹം തേടിയിരുന്നത്. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്വാമി ശബ്ദമുയർത്തിയെന്നും മോദി പറഞ്ഞു.
ആരാധന കൊണ്ടുമാത്രം ദൈവത്തെ ബന്ധപ്പെടാനാവില്ലെന്നു വിവേകാന്ദൻ പറഞ്ഞു. ജനസേവയാണ് പ്രഭുസേവയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജാംഷഡ്ജി ടാറ്റയുമായുള്ള ബന്ധം, ഇന്ത്യയുടെ സ്വയംപര്യാപ്തതയെന്ന സ്വാമിയുടെ പരിഗണനയ്ക്ക് ഉദാഹരണമാണ്. അറിവും പ്രായോഗിക ജ്ഞാനവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരമായി ‘ഒരു ഏഷ്യ’ എന്ന ആശയം വിവേകാനന്ദൻ മുന്നോട്ടുവച്ചെന്നും മോദി പറഞ്ഞു.
അതേസമയം, ജനസംഘം നേതാവ് ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം രാജ്യത്തെ എല്ലാ വിദ്യാർഥികളെയും തൽസമയം കേൾപ്പിക്കാൻ സൗകര്യമൊരുക്കണമെന്ന നിർദേശത്തിനെതിരെ പല കോണുകളിൽനിന്നും വിമർശനമുണ്ട്. പ്രസംഗം എല്ലാ സർവകലാശാലാ വിദ്യാർഥികളെയും കേൾപ്പിക്കണമെന്നാവശ്യപ്പെട്ടു യുജിസി സർക്കുലർ ഇറക്കിയിരുന്നു.
ബംഗാളിൽ തീരുമാനം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി മമത ബാനർജി നിലപാടെടുത്തു. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജൻഡ നടപ്പാക്കാനാണു കേന്ദ്രത്തിന്റെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.