രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാൽ ഒപ്പം ചേരുമെന്ന് കമൽഹാസൻ

രജനീകാന്തും കമൽ ഹാസനും. ഫയൽ ചിത്രം: പിടിഐ

ചെന്നൈ∙ സ്റ്റൈൽ മന്നൻ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമോയെന്ന ചർച്ച ചൂടു പിടിക്കവേ തമിഴ്നാട് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി നടൻ കമൽഹാസൻ. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കിൽ താൻ ഒപ്പം ചേരുമെന്നാണ് ‘ഉലകനായകന്റെ’ പ്രഖ്യാപനം. സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ സൂചനകൾ നൽകിയതിനു  പിന്നാലെയാണ് പുതിയ നീക്കവുമായി കമൽ രംഗത്തു വന്നിരിക്കുന്നത്. ചലച്ചിത്രമേഖലയിൽ തന്റെ എതിരാളിയാണെങ്കിലും നിർണായകമായ പല വിഷയങ്ങളിലും തങ്ങൾ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും രജനീകാന്തുമായുള്ള ബന്ധത്തെപ്പറ്റി കമൽ പറഞ്ഞു. 

രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. എന്നാൽ അടുത്തിടെയുണ്ടായ പല സംഭവങ്ങളും അദ്ദേഹം ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നൽകിയത്. ബിജെപി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജൻ കഴിഞ്ഞ മാസം രജനീകാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നാണു രജനീകാന്ത് നേരത്തേ പറഞ്ഞത്.

രജനീകാന്ത് ഈ വർഷം സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നു സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ് വെളിപ്പെടുത്തിയിരുന്നു. പാർട്ടിയുടെ പേരും ചിഹ്നവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ചർച്ചകൾ നടക്കുകയാണ്. പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനു മുൻപു പരമാവധി ആരാധകരെ നേരിൽക്കാണാനാണു താരം ശ്രമിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. കാർഷികവൃത്തി നഷ്ടത്തിലായ കർഷകർക്ക് ഒരു കോടി രൂപ സഹായധനം നൽകിയതും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനു മുന്നോടിയായുള്ള നീക്കമാണെന്നും നിരീക്ഷണമുണ്ടായി.

രജനീകാന്ത് സ്വന്തമായി പാർട്ടിയുണ്ടാക്കുമോ അതോ ബിജെപിയിൽ ചേരുമോ എന്ന ചർച്ച സമൂഹമാധ്യമങ്ങളിലും ശക്തമാണ്. ഡിസംബർ 12ന് ആണു രജനിയുടെ ജന്മദിനം. അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.  കമൽ ആകട്ടെ അടുത്തിടെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തന്റെ നിലപാട് ഒരിക്കലും ‘കാവി’യെ അനുകൂലിക്കുന്നതല്ല എന്നും അദ്ദേഹം സന്ദർശനത്തെപ്പറ്റി വ്യക്തമാക്കി.

ഇപ്പോൾ പ്രവർത്തിക്കുന്ന ‘ബിഗ് ബോസ്’ ചാനൽ പരിപാടി കഴിഞ്ഞാൽ കമലിന്റെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ബിഗ്ബോസ് അടുത്ത മാസം അവസാനിക്കുകയും ചെയ്യും. അണ്ണാഡിഎംകെയെ വിമർശിച്ച് തുടർച്ചയായി ട്വീറ്റുകളും നടത്തുന്നുണ്ട് കമൽ. ഡിഎംകെയുടെ ചടങ്ങിൽ കമൽഹാസനും രജനീകാന്തും ഒരുമിച്ച് അടുത്തിടെ പങ്കെടുത്തതും ഏറെ അഭ്യൂഹങ്ങൾക്കിടയാക്കി. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷച്ചടങ്ങിലാണു രജനീകാന്തും കമൽ ഹാസനും വേദി പങ്കിട്ടത്.