തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഉപതിരഞ്ഞെടുപ്പു നടന്ന 12 ഇടങ്ങളിൽ ആറു സീറ്റുകൾ വീതം ഇരുമുന്നണികളും നേടി. കൽപറ്റ നഗരസഭയിലെ മുണ്ടേരിയും കോട്ടയം പാമ്പാടി പഞ്ചായത്തിലെ കാരക്കാമറ്റവും ഇടതുമുന്നണി നിലനിർത്തി. കാഞ്ഞിരപ്പള്ളി മാനിടംകുഴി വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം, മലപ്പുറം തിരൂര്‍ തുമരക്കാവ്, രാമന്തളി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
ജില്ല തിരിച്ചുള്ള ഫലങ്ങൾ:
ആലപ്പുഴ ∙ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ വെണ്മണി പടിഞ്ഞാറ് ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ശ്യംകുമാർ 801 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് അംഗമായിരുന്ന വെണ്മണി സുധാകരൻ അന്തരിച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ചേർത്തല തെക്ക് പഞ്ചായത്ത് 18 ൽ കോൺഗ്രസ് സ്ഥാനാർഥി മിനി കുഞ്ഞപ്പൻ 177 വോട്ടിന് വിജയിച്ചു.
കണ്ടല്ലൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി തയ്യിൽ പ്രസന്ന കുമാരി 235 വോട്ടുകൾക്ക് വിജയിച്ചു. നിലവിൽ എൽഡിഎഫ് വാർഡായിരുന്നു ഇത്.
കൊല്ലം ∙ ജില്ലയിലെ തേവലക്കര ഗ്രാമപഞ്ചായത്ത് കോയിവിള വെസ്റ്റ് വാർഡിൽ സിപിഐയിലെ സി. ഓമനക്കുട്ടനും ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ തഴുത്തല സൗത്ത് വാർഡിൽ സിപിഎമ്മിലെ ഹരിലാലും വിജയിച്ചു. ഇരുസീറ്റുകളും അതതു പാർട്ടികൾ നിലനിർത്തുകയായിരുന്നു.
കണ്ണൂർ∙ രാമന്തളി പഞ്ചായത്തിലെ രാമന്തളി സെൻട്രൽ വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പിൻതുണയുള്ള ജനാരോഗ്യ സംരക്ഷണ സമിതി സ്ഥാനാർഥി കെ.പി.രാജേന്ദ്രകുമാർ വിജയിച്ചു. ഭൂരിപക്ഷം 23. കോൺഗ്രസിലെ പ്രീത തെക്കെക്കൊട്ടാരത്തിൽ രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഏഴിമല മാലിന്യപ്ലാന്റിനെതിരെയുള്ള സമരത്തിനു നേതൃത്വം നൽകിയത് ജനാരോഗ്യ സംരക്ഷണ സമിതിയാണ്.
വയനാട്∙ കൽപറ്റ നഗരസഭയിലെ മുണ്ടേരി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ ബിന്ദു 98 വോട്ടിന് വിജയിച്ചു.
കോഴിക്കോട്∙ തിക്കോടി പഞ്ചായത്തിലെ പുറക്കാട് വാർഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തി. 215 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിത്തോട് രാഘവൻ ജയിച്ചു.
മലപ്പുറം∙ തിരൂർ നഗരസഭയിലെ തുമരക്കാവ് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ നെടിയിൽ മുസ്‌തഫ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് – 662, എൽഡിഎഫ്– 660, ബിജെപി– 23 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.
പെരുവള്ളൂർ പഞ്ചായത്തിലെ കൊല്ലംചിന വാർഡിൽ ലീഗിലെ കെ.ടി.ഖദീജ 469 വോട്ടിനു ജയിച്ചു. യുഡിഎഫ്–612, എൽഡിഎഫ്–143, ബിജെപി–50 എന്നിങ്ങനെയാണ് വോട്ടുനില. വാർഡ് ലീഗ് നിലനിർത്തി.
കോട്ടയം ∙ പാമ്പാടി പഞ്ചായത്ത് 18–ാം വാർഡ് കാരിക്കാമറ്റത്തേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ കെ.എസ്.മധുകുമാർ 247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ഡെമിൽ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മാനിടംകുഴി വാര്‍ഡിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്വതന്ത്ര കുഞ്ഞുമോൾ ജോസ്
145 വോട്ടിന് വിജയിച്ചു. സ്ഥാനാർഥിയെ നിർത്താതെ ഇടതിനെ പിന്തുണച്ച കേരള കോൺഗ്രസ് ജയിച്ച ഇടതുസ്വതന്ത്രയെ മാലയിട്ടു സ്വീകരിച്ചു.