വ്യോമസേനയുടെ ഏക ഫൈവ് സ്‌റ്റാർ മാർഷൽ അർജൻ സിങ് വിട പറഞ്ഞു

ന്യൂഡൽഹി∙ പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഏക മാർഷൽ അർജൻ സിങ് (98) അന്തരിച്ചു. 1965ലെ ഇന്ത്യ – പാക്ക് യുദ്ധത്തിലെ വീരനായകനായിരുന്ന അദ്ദേഹം എയർ ചീഫ് മാർഷൽ, വിവിധ രാജ്യങ്ങളിലെ അംബാസഡർ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നു രാവിലെ ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കര – വ്യോമ – നാവിക സേനാ മേധാവികൾ എന്നിവർ സന്ദർശിച്ചിരുന്നു. 

വ്യോമസേനയിലെ സർവീസ്‌ കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സർക്കാർ അർജൻ സിങ്ങിനു ‘മാർഷൽ ഓഫ് ദി എയര്‍ഫോഴ്സ്’ പദവി നൽകിയത്. അതോടെ എയർഫോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്‌റ്റാർ റാങ്ക് ഓഫിസറായി അദ്ദേഹം. കരസേനയിലെ ഫീൽഡ് മാർഷലിനു തുല്യമായ പദവിയാണിത്. ഈ പദവി നേടുന്ന ഒരേയൊരു വ്യക്‌തിയും ഇദ്ദേഹമാണ്. 

1919ൽ ജനിച്ച അർജൻ സിങ് 1939ൽ പത്തൊൻപതാം വയസ്സിൽ ആർഎഎഫിൽ പൈലറ്റ് ട്രെയിനിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964ൽ ഇന്ത്യൻ വ്യോമസേനയുടെ തലവനായി. 1965ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്കു നയിച്ച നിർണായക നീക്കങ്ങള്‍ക്കു പിന്നിലും ഇദ്ദേഹമുണ്ടായിരുന്നു. 1969 ഓഗസ്റ്റിൽ വിരമിച്ചു.

യുദ്ധകാലത്തെ ധീരസേവനത്തിനുള്ള ആദരമായി പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സ്വിറ്റ്‌സർലൻഡ്, കെനിയ എന്നിവിടങ്ങളിൽ അംബാസഡറായും കുറച്ചുകാലം ഡൽഹിയിൽ ലഫ്‌റ്റനന്റ് ഗവർണറായും സേവനമനുഷ്‌ഠിച്ചു.

കേരളത്തിലും പലപ്പോഴും ഇദ്ദേഹം സന്ദര്‍ശനത്തിനെത്തിയിരുന്നു. നാലു വർഷം മുൻപ് ദക്ഷിണ എയർ കമാൻഡ് സന്ദർശിക്കുന്നതിനാണു പത്നി തേജിയോടൊപ്പം എത്തിയത്. 2009ൽ ആലപ്പുഴയും സന്ദർശിച്ചിരുന്നു. ബംഗാളിലെ പനഗറിലുള്ള ഇന്ത്യൻ എയർഫോഴ്സ് സ്റ്റേഷന് കഴിഞ്ഞ വർഷം അർജൻ സിങ്ങിന്റെ പേര് നൽകിയിരുന്നു.