Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവർത്തനത്തിൽ സജീവമാകാൻ കഴിയുന്നില്ല; സിപിഎം ഇരട്ടപ്പദവി ഒഴിവാക്കുന്നു

cpm-logo-1

ആലപ്പുഴ∙ പാർ‌ട്ടി സമ്മേളനത്തോടെ ഇരട്ടപ്പദവിക്കാരെ സിപിഎം കുടിയിറക്കും. മുതിർന്ന സഖാക്കൾക്ക് ഇനി ഉപദേശകസ്ഥാനം. ഔദ്യോഗിക തിരക്കുമൂലം ഒന്നിലേറെ പദവികൾ കൈവശം വയ്ക്കുന്നവർക്കു പാർട്ടി പ്രവർത്തനത്തിൽ സജീവമാകാൻ പറ്റുന്നില്ലെന്ന വിലയിരുത്തലോടെയാണു നിർദേശം. ഒന്നിലേറെ പദവികൾ ആകാമെന്ന പാർട്ടി മാനദണ്ഡം പല നേതാക്കളും അധികാരവും പദവികളും കൈവശം വയ്ക്കാൻ ദുരുപയോഗം ചെയ്യുന്നുവെന്നും സർക്കുലർ കുറ്റപ്പെടുത്തുന്നു. സമ്മേളനങ്ങൾ‌ക്കു മുന്നോടിയായി താഴേത്തട്ടിലേക്ക് അയച്ച സർക്കുലറിൽ പറയുന്നത്: 

 ആരോഗ്യപ്രശ്നമുള്ളവരെ ഒഴിവാക്കാം

രാഷ്ട്രീയ ധാരണയും നേതൃശേഷിയുമുള്ളവരെ പാർട്ടി ചുമതലകളിലേക്കു കൊണ്ടുവരണം. യുവാക്കൾക്കു പ്രത്യേക പരിഗണന നൽകണം. രാത്രി വൈകിയും കമ്മിറ്റികളും മറ്റും ചേരേണ്ടതിനാൽ പ്രായമുള്ളവരെയും ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും ഒഴിവാക്കണം. അനുഭവജ്ഞാനമുള്ള ഇവരെ ഉപരി കമ്മിറ്റികളിൽ ഉൾപ്പെടുത്തി ഉപദേശങ്ങൾ സ്വീകരിക്കാം. 

ഏരിയ സെക്രട്ടറി മുഴുവൻ സമയവും

മുഴുവൻ സമയം പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരെ മാത്രം ഏരിയ സെക്രട്ടറിമാരാക്കാം. സഹകരണ ബാങ്ക് പ്രസിഡന്റുസ്ഥാനം ചില ഏരിയ സെക്രട്ടറിമാർ വഹിക്കുന്നുണ്ട്. അവരെയും സർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെയും സെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കാം. 10 മുതൽ അഞ്ചുവരെ ജോലി ചെയ്തശേഷം ആറുമണിക്കുശേഷം പാർട്ടി പ്രവർത്തനം നടത്തുന്നവരെ ഉൾപ്പെടുത്തേണ്ട. മുൻപു നല്ലതുപോലെ പ്രവർത്തിച്ചിരുന്ന അംഗങ്ങൾ സജീവമല്ലെങ്കിൽ നീക്കംചെയ്യാം.

ലോക്കലിലും സഹകാരികൾ പുറത്ത് 

സഹകരണ ബാങ്ക് ജീവനക്കാർ, സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവർ ലോക്കൽ സെക്രട്ടറിയാകുന്നതു പാർട്ടി പ്രവർത്തനത്തിനു ഗുണകരമല്ല. ഇവരെ ഒഴിവാക്കുകയും പ്രവർത്തിക്കാൻ സമയമുള്ളവരെ ഉൾപ്പെടുത്തുകയും ചെയ്യണം. പ്രവർത്തിക്കാത്ത കമ്മിറ്റി അംഗങ്ങളെ കണ്ടെത്തി ഒഴിവാക്കണമെന്ന പ്ലീനം നിർദേശം പാലിക്കണം.

 ശരാശരിക്കാർ വേണ്ട

ബ്രാഞ്ച് സെക്രട്ടറിമാരിൽ ഭൂരിപക്ഷവും പ്രവർത്തനത്തിൽ ശരാശരിക്കു താഴെയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഒഴിവാക്കണം. പതിനഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റികൾ വിഭജിക്കണം.

യുവാക്കൾക്കു പ്രാതിനിധ്യം നൽകുന്നതിന് ഏരിയ കമ്മിറ്റികളിൽ 40 വയസ്സിൽ താഴെയുള്ള രണ്ടുപേർ നിർബന്ധമായും വേണം. ബ്രാഞ്ച്, ലോക്കൽ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി നൽകിയ പ്രസംഗം മാത്രമേ ഉദ്ഘാടനത്തിന് ഉപയോഗിക്കാൻ പാടുള്ളു.