മുംബൈ∙ അപ്രതീക്ഷിതമായെത്തിയ മഴയുടെ ആഘാതത്തിൽ നിന്ന് മോചിതമാകും മുൻപ് മുംബൈ നിവാസികൾക്ക് വീണ്ടും കാലാവസ്ഥാ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് പലയിടത്തും ഇടിയോടു കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ മുംബൈ, ഗോവ എന്നിവിടങ്ങളിൽ വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൊങ്കണ്‍, കർണാടക തീരപ്രദേശങ്ങളിലും ഗോവയിലും മധ്യപ്രദേശിലുമായിരിക്കും കനത്ത മഴയുണ്ടാകുക. മഹാരാഷ്ട്ര–ഗുജറാത്ത് അതിർത്തി പ്രദേശങ്ങളിലും മഴ ലഭിക്കും. ഓഗസ്റ്റ് 29ന് പെയ്തിരങ്ങിയ മഴദുരിതത്തിനു പിന്നാലെയാണ് മുംബൈക്ക് പുതിയ മുന്നറിയിപ്പ്.
29ന് മുംബൈയിൽ മാത്രം 331 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 24 മണിക്കൂർ കൊണ്ട് അത്രയും മഴ പെയ്തു തീർന്നതോടെ നഗരവാസികൾ വലഞ്ഞു പോയി. പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത സർവീസുകൾ താറുമാറായി. സർക്കാരിന് അവധി വരെ പ്രഖ്യാപിക്കേണ്ടി വന്നു.
18 മുതൽ 20 വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ കൊങ്കണിലെ രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലായിരിക്കും ഏറ്റവും കനത്ത മഴയുണ്ടാകുക. വടക്കൻ കൊങ്കണിൽപ്പെട്ട മുംബൈ നഗരത്തിലും പാൽഗർ, റായ്ഗഢ് ജില്ലകളിലുമായിരിക്കും മഴ തീവ്രഭാവം പുൽകുക. മധ്യ മഹാരാഷ്ട്രയിലും ഇടിയോടു കൂടിയ കനത്ത മഴയുണ്ടാകും.
∙ കൊങ്കണ്‍ തീരത്തും ഗോവയിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിഭീകരമായ മഴയായിരിക്കും തിങ്കളാഴ്ച പെയ്യുകയെന്നാണ് മുന്നറിയിപ്പ്. മധ്യ മഹാരാഷ്ട്രയിലും കർണാടയുടെ തീരപ്രദേശങ്ങളിലും അന്ന് കനത്ത മഴ പെയ്യും.
∙ 19ന് കൊങ്കണ്‍ തീരത്തും ഗോവയിലും മഴ അൽപമൊന്നു ശമിക്കും. പക്ഷേ മധ്യമഹാരാഷ്ട്രയിലും കർണാടയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ തുടരും.
∙ 20ന് കൊങ്കണ്‍ തീരത്തും ഗോവയിലും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ പെയ്യും. മധ്യ മഹാരാഷ്ട്രയിലും കർണാടയുടെ തീരപ്രദേശങ്ങളിലും മഴയ്ക്ക് ശമനമുണ്ടാകില്ല.
എന്നാല്‍ 21ന് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.