വിട പറഞ്ഞത് പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ‘വ്യോമനായകൻ’

ഇന്ത്യ–പാക് വെടിനിർത്തലിനു ശേഷം കരസേനാ മേധാവി ജനറൽ ജെ.എൻ.ചൗധരിയുമൊത്ത് അർജൻ സിങ്(ഇടത്). 1965ലെ ചിത്രം.

ന്യൂഡൽഹി∙ നാൽപത്തിയഞ്ചാം വയസ്സിൽ, 1964 ഓഗസ്റ്റ് ഒന്നിനാണ്, അർജൻ സിങ് ഇന്ത്യൻ വ്യോമസേനയുടെ തലപ്പത്ത് എത്തുന്നത്. ഒരു വർഷം പൂർത്തിയാക്കിയതിനു പിന്നാലെ എത്തിയത് ഇന്ത്യ-പാക് യുദ്ധം. 1965 സെപ്റ്റംബറിൽ നടന്ന ആ യുദ്ധത്തിൽ ആകാശതന്ത്രങ്ങളാൽ പാകിസ്ഥാനെ വിറപ്പിക്കുകയായിരുന്നു അർജൻ സിങ്. മൂന്നു വർഷം മുൻപുണ്ടായ ഇന്ത്യ–ചൈന യുദ്ധത്തിലേതു പോലെ ഇന്ത്യ വ്യോമസേനയെ ഉപയോഗപ്പെടുത്തില്ലെന്നു കരുതിയിരുന്ന പാകിസ്ഥാന്റെ നെഞ്ചിലേക്കു തന്നെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പറന്നെത്തി നിറയൊഴിക്കുകയായിരുന്നു.

എന്നാൽ യുദ്ധം തുടങ്ങി അധികം വൈകാതെ തന്നെ ഐക്യരാഷ്ട്ര സഭ ഇടപെട്ട് വെടിനിർത്തൽ കരാറുണ്ടാക്കിയത് തിരിച്ചടിയായി. മൂന്നു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ യുദ്ധത്തിൽ ഇന്ത്യ വിജയക്കൊടി പാറിച്ചേനേയെന്നാണ് ഇതിനെപ്പറ്റി അർജൻ സിങ് പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞത്. പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഈ ഏക മാർഷലിന്റെ വാക്കുകളെ, അക്കാലത്തെ ഇന്ത്യൻ വ്യോമസേനയുടെ അവസ്ഥയറിയുമ്പോൾ, 
കയ്യടികളോടെയല്ലാതെ സ്വീകരിക്കാനാകില്ല.  

യുദ്ധസമയത്ത് ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ടായിരുന്നതു ബ്രിട്ടിഷുകാർ ഉപേക്ഷിച്ചുപോയ മിസ്റ്റീർ, കാൻബെറ, നാറ്റ്, ഹണ്ടർ, വാംപയർ തുടങ്ങിയ യുദ്ധവിമാനങ്ങൾ മാത്രം. പാകിസ്ഥാന്റെ കയ്യിലാകട്ടെ സ്റ്റാർഫൈറ്റർ, സാബർജെറ്റ് തുടങ്ങിയ ആധുനിക വിമാനങ്ങളും. ഒപ്പം അമേരിക്കയുടെ കനത്ത പിന്തുണ. ഏറ്റവും പുതിയ റഡാർ സംവിധാനമാണ് പാകിസ്ഥാന്റെ കയ്യിലുള്ളത്. പത്താൻകോട്ടിലെ ഉൾപ്പെടെ സേനാകേന്ദ്രങ്ങളെ പാക് വ്യോമസേന ആക്രമിച്ചതും തുടക്കത്തിൽ തന്നെ തിരിച്ചടിയായി.

എന്നാൽ തൊട്ടുപിന്നാലെ വ്യോമാക്രമണത്തിന് അന്നത്തെ പ്രതിരോധ മന്ത്രി വൈ.ബി. ചവാൻ പച്ചക്കൊടി കാണിക്കുകയായിരുന്നു.  ഇന്ത്യൻ വ്യോമസേന ഒന്നനങ്ങിയാൽ തങ്ങൾ അറിയുമെന്ന പാകിസ്ഥാന്റെ ‘റഡാർ അഹങ്കാര’ത്തിന്റെ കണ്ണുവെട്ടിച്ച്  അതോടെ ഇന്ത്യന്‍ ഫൈറ്റർ വിമാനങ്ങൾ പറന്നുയർന്നു. കശ്മീർ താഴ്‌വരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുള്ള തന്ത്രപരമായ ഇടപെടലാണ് റഡാറിന്റെ കണ്ണുവെട്ടിക്കാൻ സഹായിച്ചത്.

അർജൻ സിങ്

പടിഞ്ഞാറൻ അതിർത്തിയിൽ ചെറു നാറ്റുകൾ ഉപയോഗിച്ച് പാകിസ്ഥാന്റെ സാബർജെറ്റുകളെ ഇന്ത്യ തകർത്തതോടെ വൻശക്തികളായ ലോകരാജ്യങ്ങൾ പോലും അമ്പരന്നു. കരയുദ്ധത്തിലും വ്യോമസേന സംരക്ഷണവുമായി രംഗത്തെത്തി. ഖേംകരനിലെ കരയുദ്ധത്തിൽ ശത്രുടാങ്കുകളെ തകർക്കാൻ വ്യോമസേനയെ അതിവിദഗ്ധമായി അർജൻ നിയോഗിച്ചതു യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു. അതുപോലെതന്നെ, ഛാംബ് സെക്ടറിൽ പാക്ക് കരസേനയുടെ മുന്നേറ്റം തടഞ്ഞത് ഇന്ത്യൻ വ്യോമസേനയുടെ വിദഗ്ധമായ ഇടപെടലായിരുന്നു. 

വളരെപ്പെട്ടെന്നാണ് ആകാശത്ത് അധീശത്വം സ്ഥാപിക്കാൻ ഇന്ത്യയ്ക്കായത്. പത്താൻകോട്ടു നിന്നും അംബാലയിൽ നിന്നുമെല്ലാം പാകിസ്ഥാന്റെ തന്ത്രപ്രധാനയിടങ്ങളെ തേടി യുദ്ധവിമാനങ്ങൾ പറന്നുയർന്നു. പാകിസ്ഥാനിലെ പെഷാവറിൽ ഉൾപ്പെടെ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണമെത്തി. പാകിസ്ഥാന്റെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യൻ വ്യോമസേന നാശം വിതച്ചു. ഈ സാഹചര്യത്തില്‍ തങ്ങളുടെ വിമാനങ്ങളെല്ലാം അഫ്ഗാനിസ്ഥാനിലെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് പാകിസ്ഥാൻ ചെയ്തത്.

യുഎൻ മുന്നോട്ടു വച്ച വെടിനിർത്തലിന് സമ്മതിക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയോട് താൻ ആവശ്യപ്പെട്ടിരുന്നതായും അർജൻ പറഞ്ഞിട്ടുണ്ട്. എന്നാൽ യുഎന്നിന്റെയും മറ്റു ചില രാജ്യങ്ങളുടെയും സമ്മർദം കൊണ്ട് അദ്ദേഹത്തിന് വെടിനിർത്തൽ കരാർ അംഗീകരിക്കേണ്ടി വരികയായിരുന്നു. യുദ്ധത്തിനിടയിലും സാധാരണക്കാർക്കു നേരെ ആക്രമണമുണ്ടാകരുതെന്ന കർശന നിർദേശവും ശാസ്ത്രി നൽകിയിരുന്നതായി അർജൻ ഒാർമിച്ചു. യുദ്ധത്തിനു ശേഷം 1969 ജൂലൈ 15 വരെ ഇന്ത്യൻ വ്യോമസേനയുടെ തലവനായി അർജൻസിങ് തുടർന്നു. യുദ്ധമികവിന്റെ അംഗീകാരമായി 1965ൽ പത്മ വിഭൂഷണും ലഭിച്ചിരുന്നു.