യുദ്ധവീരൻ മാർഷൽ അർജൻ സിങ്ങിന് വീരോചിത യാത്രയയപ്പ്– ചിത്രങ്ങൾ

ന്യൂഡൽഹി∙ പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യൻ വ്യോമസേനയുടെ ഏക മാർഷൽ അർജൻ സിങിന് (98) വീരോചിത യാത്രയയപ്പ്. ഡല്‍ഹി കന്‍റോണ്‍മെന്‍റിൽ ഔദ്യോഗിക ബഹുമതികളോടെ സിക്ക് മതാചാര പ്രകാരമായിരുന്നു സംസ്കാരം‍. അര്‍ജൻ സിങ്ങിന് ആദരമര്‍പ്പിച്ച് ഡല്‍ഹിയിലെ സർക്കാർ സ്ഥാപനങ്ങളില്‍ ദേശിയ പതാക പകുതി താഴ്ത്തിക്കെട്ടി. അന്ത്യയാത്രയിൽ വ്യോമസേന ബാന്റ് സംഘം അകമ്പടി സേവിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മൂന്നു സേനകളുടെയും മേധാവികൾ,  എൽ.കെ.അഡ്വാനി തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ഡൽഹിയിലെ വസതിയിൽനിന്ന് എട്ടു കിലേമീറ്റർ അകലെയുള്ള കന്റോൺമെന്റ് വരെ ഗൺ കാരിയേജിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്തിച്ചത്. മൂന്നു സേനകളിലെയും ഭടന്മാർ മൃതദേഹത്തിനൊപ്പം മാർച്ച് ചെയ്തു. ആദരവർപ്പിച്ച് വ്യോമസേനാ വിമാനങ്ങൾ ആകാശത്ത് വട്ടമിട്ടു പറന്നു. പിന്നീട് സൈനിക ആചാരപ്രകാരം 17 തവണ ഗൺ സല്യൂട്ടുകൾ നൽകി രാജ്യം യുദ്ധവീരന് വിടവാങ്ങൽ നൽകി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അര്‍ജൻ സിങ് അന്തരിച്ചത്. 1965ലെ ഇന്ത്യ – പാക്ക് യുദ്ധത്തിലെ വീരനായകനായിരുന്ന അദ്ദേഹം എയർ ചീഫ് മാർഷൽ, വിവിധ രാജ്യങ്ങളിലെ അംബാസഡർ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 

വ്യോമസേനയിലെ സർവീസ്‌ കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സർക്കാർ അർജൻ സിങ്ങിനു ‘മാർഷൽ ഓഫ് ദി എയര്‍ഫോഴ്സ്’ പദവി നൽകിയത്. അതോടെ എയർഫോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്‌റ്റാർ റാങ്ക് ഓഫിസറായി അദ്ദേഹം. കരസേനയിലെ ഫീൽഡ് മാർഷലിനു തുല്യമായ പദവിയാണിത്. ഈ പദവി നേടുന്ന ഒരേയൊരു വ്യക്‌തിയും ഇദ്ദേഹമാണ്.