തിരുവനന്തപുരം ∙ വില്ലേജ് ഓഫിസുകളുടെ മുഖച്ഛായ മാറ്റാന്‍ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുമായി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 25 വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 40 ലക്ഷം രൂപയാണ് ഒരു വില്ലേജ് ഓഫീസ് നവീകരിക്കാനായി സര്‍ക്കാര്‍ നല്‍കുന്നത്. പ്ലാന്‍ ഫണ്ടില്‍നിന്ന് 10 കോടി രൂപയാണ് പദ്ധതിക്കായി ആദ്യഘട്ടത്തില്‍ മാറ്റി വച്ചിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
വാടക കെട്ടിടത്തിലാണ് പലയിടത്തും വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മിക്ക കെട്ടിടങ്ങളിലുമില്ല. ഇതു സംബന്ധിച്ച പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ടാക്കാനുള്ള പദ്ധതി അടിയന്തിരമായി നടപ്പിലാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
പഴയ വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ നവീകരിക്കുകയല്ല, ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകും- റവന്യൂ അധികൃതര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
പുതിയ സ്മാര്‍ട് വില്ലേജുകള്‍
തിരുവനന്തപുരം (കടയ്ക്കാവൂര്‍, പട്ടം), കൊല്ലം (ഓച്ചിറ, ഏഴുകോണ്‍), പത്തനംതിട്ട (തുമ്പമണ്‍, മൈലപ്ര) ആലപ്പുഴ (പാണാവള്ളി, വള്ളിക്കുന്നം), കോട്ടയം (വാഴൂര്‍, ഉദയനാപുരം), ഇടുക്കി (ഏലപ്പാറ, അണക്കര), എറണാകുളം (ചൂര്‍ണിക്കര, വെള്ളൂര്‍ക്കുന്നം), തൃശൂര്‍ (വെള്ളിക്കുളങ്ങര, എറിയാട്), പാലക്കാട് (കൊങ്ങാട്-2, തൃത്താല), കോഴിക്കോട് (മൂടാടി), മലപ്പുറം (തൃക്കണ്ടിയൂര്‍- ഉപതിരഞ്ഞെടുപ്പനു ശേഷമേ പ്രവര്‍ത്തനം തുടങ്ങൂ), വയനാട് (കല്‍പ്പറ്റ), കണ്ണൂർ (ന്യൂ നടുവില്‍, പടിയൂര്‍), കാസര്‍ഗോഡ് (കള്ളാര്‍, വോര്‍ക്കാടി).