‘ഖിലാഫത്ത് വരുന്നു’... പാക്കിസ്ഥാനെ നാണംകെടുത്തി നടുറോഡിൽ ഐഎസ് പതാക

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ഭരണകൂടത്തെ നാണംകെടുത്തി തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഏറ്റവും പ്രധാനപ്പെട്ട റോഡിൽ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റേതിനു (ഐഎസ്) സമാനമായ പതാക. ‘ഖിലാഫത്ത് വരുന്നു’ എന്ന സന്ദേശവും പതാകയിൽ ആലേഖനം ചെയ്തിരുന്നു. ഇസ്‌ലാമാബാദ് എക്സ്പ്രസ് റോഡിൽ കാൽനടയാത്രക്കാർക്കുള്ള ഭാഗത്താണു പതാക കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാന്‍ ആഭ്യന്തര മന്ത്രി അഹ്സാൻ ഇഖ്ബാല്‍ പൊലീസ് മേധാവിയോടെ ആവശ്യപ്പെട്ടു.

എന്നാൽ ആരാണ് പതാക സ്ഥാപിച്ചതെന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഖന്ന പൊലീസ് സ്റ്റേഷൻ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന വാർത്ത പാക്കിസ്ഥാൻ ആവർത്തിച്ച് നിഷേധിച്ചുവരവെയാണ് പതാക കണ്ടെത്തിയത്. ഐഎസ് അനുഭാവമുള്ളവരുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചിരുന്നു. ഇവരെ തുരുത്തുന്നതിനായി ഓപ്പറേഷൻ റാഡ്ഡുൽ ഫസ്സാദ് എന്ന പേരിൽ കർമപദ്ധതിയും സൈന്യം തയാറാക്കിയിട്ടുണ്ട്.