മുംബൈ∙ ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ടോം ആൾട്ടർ (67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയിൽവച്ചായിരുന്നു അന്ത്യമെന്നു കുടുംബം പ്രസ്താവനയിൽ അറിയിച്ചു. ചർമത്തിലെ അർബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു ആൾട്ടർ. 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച ആൾട്ടറെ രാജ്യം 2008ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കു വേണ്ടി കളിക്കാനൊരുങ്ങുന്ന ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ ആദ്യ ടെലിവിഷൻ അഭിമുഖം എടുത്തത് ആൾട്ടറാണ്. മൂന്നു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1990കളിൽ അഞ്ചുവർഷത്തോളം പ്രക്ഷേപണം ചെയ്ത ജുനൂൻ എന്ന സീരിയലിലെ അഭിനയം ഏറെ പ്രശംസ നേടിക്കൊടുത്തു.
1950ൽ മസൂറിയിലാണ് അമേരിക്കൻ വംശജനായ ആൾട്ടർ ജനിച്ചത്. പഠനത്തിനും മറ്റുമായി യുഎസിൽ പോയെങ്കിലും 70കളിൽ തിരികെ ഇന്ത്യയിലെത്തി. 1972ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി അഭിനയത്തിൽ സ്വർണമെഡലോടെയാണ് പാസായത്. ബംഗാളി, അസമീസ്, തെലുഗു, തമിഴ്, കുമാഓണി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി, വൺ നൈറ്റ് വിത് ദി കിങ് തുടങ്ങിയ വിദേശ ചിത്രങ്ങളിലും അഭിനയിച്ചു.