തളിപ്പറമ്പ്∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. പത്തേകാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അര മണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കി. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്കരിച്ചായിരുന്നു ദർശനം. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും സർവൈശ്വര്യത്തിനുമാണ് ഈ വഴിപാട്.

ഉപക്ഷേത്രമായ അരവത്ത് അമ്പലത്തിലും ദർശനം നടത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും സമയക്കുറവു നിമിത്തം രാജരാജേശ്വര ക്ഷേത്രത്തിൽ മാത്രമാണ് ദർശനം നടത്തിയത്.

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, മംഗളൂരു എംപി നളിൻ കുമാർ കട്ടീൽ, സംഘടനാ സെക്രട്ടറി പി.എൽ. സന്തോഷ് എന്നിവരും സംസ്ഥാന - ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രമിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയത്.



