Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ മണ്ഡലത്തിൽ അനസ്തീസിയയ്ക്ക് വിഷവാതകം; ശസ്ത്രക്രിയയ്ക്കിടെ 14 മരണം

surgery Representational Image

വാരാണസി∙ ഗോരഖ്പുർ കൂട്ടക്കുരുതിക്കു പിന്നാലെ ഉത്തർ പ്രദേശിലെ ആശുപത്രിയിൽനിന്നു മറ്റൊരു ദാരുണ സംഭവം കൂടി. അനസ്തീസിയ മരുന്നിനു പകരം വ്യവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടർന്നു 14 പേർ കൊല്ലപ്പെട്ടു. ബനാറസ് ഹിന്ദു സർവകലാശാലയോട് (ബിഎച്ച്‌യു) ചേർന്നുള്ള സുന്ദർലാൽ‌ ആശുപത്രിയിലാണു രാജ്യത്തെ ഞെട്ടിക്കുന്ന അനാസ്ഥ അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ കൂട്ടക്കുരുതിയിൽ ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല.

ആശുപത്രികളിൽ ചികിത്സയ്ക്കു അനുവദിച്ചിട്ടില്ലാത്ത വാതകമാണു ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ജൂൺ ആറിനും എട്ടിനും ഇടയിലാണ് ആശുപത്രിയുടെ അനാസ്ഥ കാരണം 14 രോഗികൾ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. അനസ്തീസിയ മരുന്നിനുപകരം നൈട്രസ് ഓക്സൈഡ് (N2O) ആണ് ഡോക്ടർമാർ ഉപയോഗിച്ചതെന്നു യുപി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻസ് അന്വേഷണത്തിൽ കണ്ടെത്തി.

എങ്ങനെയാണു നൈട്രസ് ഓക്സൈഡ് ഉപയോഗിക്കാൻ ഇടയായത് എന്ന് അന്വേഷിച്ചു വരികയാണെന്നു ആശുപത്രി അധികൃതർ പറഞ്ഞു. അലഹാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി പരേഹത് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് ആശുപത്രിയിലേക്കു നൈട്രസ് ഓക്സൈഡ് വിതരണം ചെയ്തത്. ഈ കമ്പനിക്ക് ഒരുവിധ മെഡിക്കൽ വാതകങ്ങളും നിർമിക്കാനോ വിൽക്കാനോ അനുമതിയില്ലെന്നു സംസ്ഥാന സർക്കാർ കണ്ടെത്തി.

അലഹബാദ് സ്വദേശി മെഹ്‍രാജ് അഹമ്മദ് ലങ്ക പൊലീസിൽ ജൂൺ 14നു നൽകിയ പരാതിയിലെ അന്വേഷണമാണു സംഭവം പുറംലോകം അറിയാൻ കാരണമായത്. അലഹബാദ് നോർത്തിലെ ബിജെപി എംഎൽഎ ഹർഷവർധൻ ബാജ്‌പെയ്‌യുടെ പിതാവ് അശോക് കുമാർ ബാജ്‌പെയ് ആണ് പരേഹാത് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ ഡയറക്ടർ. അശോക് കുമാറിന് 1.21 കോടി ഓഹരികളാണ് ഈ കമ്പനിയിലുള്ളത്.

ചിരിവാതകം, പക്ഷേ കൊല്ലും

ചിരിവാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് നേരിയ തോതിൽ വൈദ്യരംഗത്ത് ഉപയോഗിക്കാറുണ്ട്. മയക്കത്തിനും വേദനസംഹാരിയായും. എന്നാൽ പരിധിവിട്ടുള്ള ഉപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കും. ശരീരത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെടും. അശ്രദ്ധയോടെയുള്ള ഉപയോഗം തലചുറ്റൽ, മോഹാലസ്യം എന്നിവയിലേക്കു നയിക്കും. അബോധാവസ്ഥയിലാകുന്ന രോഗി ക്രമേണ മരിക്കും. വായും മൂക്കും മൂടിയാണു വാതകം ശ്വസിക്കുന്നതെങ്കിൽ അപകടത്തിന്റെ വേഗത കൂടും.

related stories