നവരാത്രിക്ക് രാധേ മായെ സ്റ്റേഷനിൽ ‘സ്തുതിച്ച്’ ഡൽഹി പൊലീസ്, വിവാദം

വിവേക് വിഹാർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സഞ്ജയ് ശർമ, കസേരയിൽ നിന്നെഴുന്നേറ്റ് രാധേ മായ്ക്കു ഇരിപ്പിടം ഒരുക്കിയപ്പോൾ. ചിത്രം: എഎൻഐ

ന്യൂഡൽഹി∙ വിവാദ ആൾദൈവം രാധേ മായ്ക്കു ഡൽഹിയിലെ വിവേക് വിഹാർ പൊലീസ് സ്റ്റേഷനിൽ ഗംഭീര സ്വീകരണം. സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) എണീറ്റ് തന്റെ കസേരയിൽ രാധേ മായെ ഇരുത്തിയ ചിത്രവും പൊലീസുകാർ ഇവരോടൊപ്പം പാട്ടുപാടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.

എസ്എച്ച്ഒ സഞ്ജയ് ശർമ തൊഴുകൈകളോടെയാണു ചുവന്ന ഷാൾ പുതച്ച് രാധേ മായുടെ അടുത്തു നിൽക്കുന്നത്. ഇവർ സ്റ്റേഷനിൽനിന്നു മടങ്ങുന്ന സമയം വരെ പൊലീസുകാർ ‘രാധേ മാ’ എന്നു സ്തുതിച്ചു കൊണ്ടിരുന്നു. സംഭവം വിവാദമായതോടെ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28ന് ആണ് രാധേ മാ സ്റ്റേഷനിൽ എത്തിയത്. നവരാത്രി ചടങ്ങിനെത്തിയ രാധേ മായ്ക്കു ചുറ്റും കൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി അവരെ സ്റ്റേഷനിലേക്കു മാറ്റിയതാണെന്നാണു പൊലീസിന്റെ വിശദീകരണം. ഹിന്ദു സന്യാസിമാരുടെ പരമോന്നത സംഘടന അഖില ഭാരതീയ അഖാര പരിഷത്തിന്റെ പുതിയ ‘വ്യാജ ആത്മീയ നേതാക്കളുടെ’ പട്ടികയിലുൾപ്പെട്ടയാളാണ് രാധേ മാ.

ബോളിവുഡിന്റെ സ്വന്തം രാധേ മാ

കൈകളിൽ തൃശൂലവും പൂവും പിടിച്ച് കടുംവർണ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സ്വയംപ്രഖ്യാപിത ആൾ‌ദൈവമാണു രാധേ മാ. ബോളിവുഡ് പാട്ടുകള്‍ക്കനുസരിച്ചു നൃത്തം ചെയ്താണ് ആളുകളെ അനുഗ്രഹിക്കുക. ബോളിവുഡിലും രാഷ്ട്രീയത്തിലും വൻ സ്വാധീനം.

പഞ്ചാബിലെ ദൊരന്‍ഗല ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച രാധേയുടെ യഥാര്‍ഥ പേര് സുഖ്‌വീന്ദര്‍ കൗര്‍. പതിനേഴാം വയസിൽ വിവാഹിതയായി. ഭർത്താവും കുട്ടികളും ഇവരോടൊപ്പം ആശ്രമത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ഭർത്താവ് മോഹന്‍ സിങ് ജോലി തേടി ഗള്‍ഫിലേക്ക് പോയതോടെ സുഖ്‍വീന്ദർ ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞു. പരംഹന്‍സ് ദേര വിഭാഗം തലവന്‍ രാം ദീന്‍ ദാസിന്‍റെ ശിഷ്യയായി. 2003ല്‍ ദുര്‍ഗാ ദേവിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട്, പേരുമാറ്റി രാധേ മായുടെ രംഗപ്രവേശം. ബോളിവുഡ് താരങ്ങൾ നിത്യ സന്ദര്‍ശകരായതോടെ രാധേ മാ മുംബൈയിലെ ഗ്ലാമര്‍ ആള്‍ദൈവമായി. 

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ഭര്‍ത്താവിനോട് തന്നില്‍നിന്നു കൂടുതല്‍ സ്ത്രീധനം വാങ്ങാന്‍ രാധേ മാ ആവശ്യപ്പെട്ടെന്ന് ശിഷ്യ നിക്കി ഗുപ്ത ഗാര്‍ഹിക പീഡനക്കേസ് നൽകിയപ്പോൾ അറസ്റ്റിലായി. പിന്നീട് പുറത്തിറങ്ങി.