Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുസരണക്കേടിന് അതിരുവിട്ട ശിക്ഷ; പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുളക് പ്രയോഗം; കേസ്

Representative Image പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ അഭയകേന്ദ്രത്തിലെ പെൺകുട്ടികള്‍ക്കെതിരായ ശിക്ഷാനടപടികളില്‍ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹി വനിതാ കമ്മിഷനാണു പൊലീസ് നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെള്ളിയാഴ്ച പുറത്തുവിട്ടത്. ഡൽഹിയിലെ അഭയകേന്ദ്രങ്ങളിൽ വനിതാ കമ്മിഷൻ അംഗങ്ങൾ വ്യാഴാഴ്ച പരിശോധന നടത്തിയിരുന്നു. 6 മുതൽ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളുമായി സംസാരിച്ചപ്പോഴാണു താമസസ്ഥലത്തുനിന്നു നേരിടേണ്ടിവന്ന ക്രൂരകൃത്യങ്ങള്‍ പുറത്തുവന്നത്.

സ്ഥാപനത്തിലെ വനിതാ ജീവനക്കാർ തങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി ഇടാറുള്ളതായി ഡൽഹി ദ്വാരക മേഖലയിലെ അഭയകേന്ദ്രത്തിൽ താമസിക്കുന്ന പെൺകുട്ടികൾ പറഞ്ഞു. ചെയ്ത തെറ്റുകൾക്കു ശിക്ഷയായാണ് ഇങ്ങനെ ചെയ്യുന്നത്. നിർബന്ധിച്ചു മുളകുപൊടി കഴിപ്പിക്കാറുണ്ട്. കുട്ടികൾ ആരെങ്കിലും ധിക്കാരപരമായി പെരുമാറിയാൽ അനുസരിപ്പിക്കുന്നതിനായി ക്രൂരമായ ശിക്ഷാരീതികളാണു നൽകുന്നതെന്നും കുട്ടികള്‍ പരാതി ഉന്നയിച്ചു.

സ്ഥാപനത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ല. അതുകൊണ്ട് അലക്കൽ, അടുക്കളപ്പണി, പാത്രം കഴുകൽ തുടങ്ങിയ ഭൂരിഭാഗം ജോലികളും ചെറിയ പെൺകുട്ടികളെക്കൊണ്ടു വരെ നിർബന്ധിച്ചു ചെയ്യിക്കുകയാണ്. 22 പെൺകുട്ടികൾക്കും ജീവനക്കാർക്കുമായി ഒരു പാചകക്കാരൻ മാത്രമാണു സ്ഥാപനത്തിലുള്ളത്. സ്ഥാപനത്തിലെ ഭക്ഷണം ഗുണനിലവാരം തീരെയില്ലാത്തതാണെന്നും വനിതാ കമ്മിഷൻ പ്രസ്താവനയിൽ അറിയിച്ചു.

ജീവനക്കാരെ അനുസരിക്കാതിരുന്നതിനും മുറി വൃത്തിയാക്കാതിരുന്നതിനും തങ്ങളെ മർദിച്ചതായും പെൺകുട്ടികൾ പരാതി ഉന്നയിക്കുന്നു. അവധിക്കാലങ്ങളിൽ കുട്ടികൾക്കു വീടുകളിൽ പോകുന്നതിന് അനുമതി ലഭിക്കാറില്ലെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കുന്നു. കമ്മിഷൻ അംഗങ്ങളിൽനിന്നുള്ള വിവരത്തെ തുടർന്നു കഴിഞ്ഞ ദിവസം രാത്രി എട്ടിന് വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ അഭയകേന്ദ്രത്തിൽ നേരിട്ടെത്തിയിരുന്നു.

ഇവരുടെ നിർദേശപ്രകാരം പൊലീസെത്തി പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ അഭയകേന്ദ്രത്തിൽ വനിതാ കമ്മിഷൻ, പൊലീസ് എന്നീ വിഭാഗങ്ങളുടെ സാന്നിധ്യം എല്ലാ ദിവസവും ഉറപ്പാക്കി. ഡൽഹിയിലെ സർക്കാർ, സ്വകാര്യ അഭയകേന്ദ്രങ്ങളെ നിരീക്ഷിക്കുന്നതിനു ഡൽഹി വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

related stories