ഫ്രാൻസും ഇംഗ്ലണ്ടും പ്രീക്വാർട്ടറിൽ; ചിലെയെ വീഴ്ത്തി പ്രതീക്ഷ കാത്ത് ഇറാഖ്

വിജയം ആഘോഷിക്കുന്ന ഇറാഖ് താരങ്ങൾ. (ട്വിറ്റർ ചിത്രം)

ഗുവാഹത്തി, കൊൽക്കത്ത ∙ അണ്ടർ 17 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി ഫ്രാൻസും ഇംഗ്ലണ്ടും പ്രീക്വാർട്ടറിലേക്കു മുന്നേറിയപ്പോൾ, ചിലെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് ഇറാഖും ന്യൂകാലിഡോണിയയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തറപറ്റിച്ച് ഹോണ്ടുറാസും പ്രീക്വാർട്ടർ പ്രതീക്ഷ കാത്തു. ഏഷ്യൻ ശക്തികളായ ജപ്പാനെ ഒന്നിനെതിരെ രണ്ടു ഗോളിനു തോൽപ്പിച്ചാണ് ഫ്രാൻസിന്റെ മുന്നേറ്റം. അതേസമയം, പൊരുതിക്കളിച്ച മെക്സിക്കോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടർ ഉറപ്പിച്ചത്.

തോൽവി വഴങ്ങിയെങ്കിലും ജപ്പാനും മെക്സിക്കോയ്ക്കും ഇപ്പോഴും പ്രീക്വാർട്ടർ പ്രതീക്ഷയുണ്ട്. അതേസമയം, തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ചിലെയും ന്യൂകാലിഡോണിയയും പുറത്തേക്കുള്ള വഴി ഉറപ്പിച്ചു.

ഏഷ്യൻ കരുത്തിൽ ഇറാഖ്

ആദ്യ മൽസരത്തിൽ കരുത്തരായ മെക്സിക്കോയെ സമനിലയിൽ തളച്ച ഇറാഖ്, കൂടുതൽ കരുത്തോടെയാണ് ചിലെയ്ക്കെതിരെ അണിനിരന്നത്. ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനോട് നാലു ഗോളിനു തോറ്റതിന്റെ ക്ഷീണത്തിലെത്തിയ ചിലെയെ, ഇറാഖി കുട്ടിപ്പടയും ശരിക്കു ‘കൈകാര്യം’ ചെയ്തു. ലോകകപ്പിന്റെ താരമാകാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലുള്ള യുവതാരം മുഹമ്മദ് ദാവൂദിന്റെ ഇരട്ടഗോളുകളായിരുന്നു മൽസരത്തിന്റെ ഹൈലൈറ്റ്. ആറ്, 68 മിനിറ്റുകളിലായിരുന്നു ദാവൂദിന്റെ ഗോളുകൾ.

81–ാം മിനിറ്റിൽ ചിലെ താരം മാർട്ടിൻ ലാറ വഴങ്ങിയ സെൽഫ് ഗോളാണ് ഇറാഖിന്റെ ഗോൾപട്ടികയിൽ മൂന്നാം ഗോൾ ചേർത്തത്. ഇൻജുറി സമയത്തു ലഭിച്ച പെനൽറ്റിയിലൂടെ ലോകകപ്പിലെ രണ്ടാം ഹാട്രിക്ക് കുറിക്കാനുള്ള സുവർണാവസരം ദാവൂദിനു ലഭിച്ചെങ്കിലും, യുവതാരത്തിന്റെ ഷോട്ട് ചിലെ ഗോൾകീപ്പർ രക്ഷപ്പെടുത്തി. വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് നാലു പോയിന്റുമായി ഇറാഖ് പ്രീക്വാർട്ടർ പ്രതീക്ഷ കാത്തപ്പോൾ, ചിലെയുടെ മുന്നോട്ടുള്ള പ്രയാണം പരുങ്ങലിലായി.

‘കുഞ്ഞൻമാരുടെ പോരിൽ’ ഹോണ്ടുറാസ്

ആദ്യ മൽസരത്തിൽ ഫ്രാൻസിനോട് 7–1നു തോറ്റ ന്യൂകാലിഡോണിയയും ജപ്പാനോട് 6–1നു തോറ്റ ഹോണ്ടുറാസും നേർക്കുനേർ വരുമ്പോൾ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലായിരുന്നു കൊൽക്കത്തയിലെ ഫുട്ബോൾ ആരാധകർ. ജപ്പാനിൽനിന്ന് കിട്ടിയതിനെല്ലാം ഹോണ്ടുറാസ് പകരം വീട്ടിയതോടെ ഇത്തവണയും ന്യൂകാലിഡോണിയയുടെ പോസ്റ്റിൽ ഇഷ്ടംപോലെ തവണ പന്തെത്തി.

ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകൾ നേടിയ ഹോണ്ടുറാസ്, രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടി നേടി ഗോൾപട്ടിക പൂർത്തിയാക്കി. ആദ്യപകുതിയിൽ കാർലോസ് മെജിയയും രണ്ടാം പകുതിയിൽ പാട്രിക് പലോഷ്യസും ഹോണ്ടുറാസിനായി ഇരട്ടഗോൾ നേടി. 25, 42 മിനിറ്റുകളിലായിരുന്നു കാർലോസ് മെജിയയുടെ ഗോളുകൾ. ജോഷ്വ കനാലസ് 27–ാം മിനിറ്റിലും പാട്രിക് പലോഷ്യസ് 51, 88 മിനിറ്റുകളിലും ഹോണ്ടുറാസിനായി ലക്ഷ്യം കണ്ടു. വിജയത്തോടെ മൂന്നു പോയിന്റുമായി ഹോണ്ടുറാസ് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.

കരുത്തരുടെ പോരിൽ ഫ്രാൻസ്

ഗോൾമഴ കൊണ്ടു ശ്രദ്ധേയമായ ഗ്രൂപ്പ് ഇയിലെ ആദ്യപാദ മൽസരങ്ങൾക്കുശേഷം കരുത്തരായ ഫ്രാൻസും ജപ്പാനും നേർക്കുനേർ വരുന്നു എന്നതായിരുന്നു ഇന്നത്തെ മൽസരത്തിന്റെ പ്രത്യേകത. ന്യൂകാലഡോണിയയെ 7–1നു മുക്കി ആദ്യജയം ആഘോഷിച്ച ഫ്രാൻസും ഗോൾമഴ പെയ്യിച്ച് 6–1ന് ഹോണ്ടുറാസിനെ മറികടന്ന ജപ്പാനും നേർക്കുനേർ വരുമ്പോൾ ആവേശം കളംപിടിക്കുമെന്ന പ്രതീക്ഷ തെറ്റിയില്ല.

അണ്ടർ 17 യൂറോ കപ്പിൽ ടോപ് സ്കോററായ ഫ്രഞ്ച് താരം ആമിൻ ഗൗറി ലോകകപ്പിലും ടോപ് സ്കോറർ പട്ടത്തിനു മുന്നിലുണ്ടാകുമെന്ന് വെളിവാക്കുന്നതായിരുന്നു ഇന്നത്തെ മൽസരം. ന്യൂകാലിഡോണിയയ്ക്കെതിരെ ഇരട്ടഗോളുമായി ഫ്രഞ്ച് ആക്രമണം നയിച്ച ഗൗറി, ജപ്പാനെതിരെയും ഇരട്ടഗോൾ നേട്ടം ആവർത്തിച്ചു. മൽസരത്തിന്റെ ഇരുപകുതികളിലായിട്ടായിരുന്നു ഗൗറിയുടെ ഗോളുകൾ. 13–ാം മിനിറ്റിൽ ടീമിന്റെ ആദ്യ ഗോൾ നേടിയ ഗൗറി, 71–ാം മിനിറ്റിൽ ലീഡു വർധിപ്പിച്ചു. രണ്ടു മിനിറ്റിനുശേഷം ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച തായ്സേയ് മിയാൻഷിറോയാണ് ജപ്പാന്റെ ആശ്വാസ ഗോൾ നേടിയത്.

സൂപ്പർ പോരിൽ മെക്സിക്കോ കടന്ന് ഇംഗ്ലണ്ട്

ഗ്രൂപ്പ് എഫിലെ ആദ്യ മൽസരത്തിൽ കരുത്തരായ ചിലെയെ എതിരില്ലാത്ത നാലു ഗോളുകൾക്കു തോൽപ്പിച്ച ഇംഗ്ലണ്ട്, രണ്ടാം മൽസരത്തിൽ മെക്സിക്കോയെ മറികടന്നത് കടുത്ത പോരാട്ടത്തിനൊടുവിൽ. ലിവർപൂൾ താരം റയാൻ ബ്രൂസ്റ്റർ 39–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ആദ്യപകുതിയിൽ തന്നെ ഇംഗ്ലണ്ട് ലീഡു നേടി.

രണ്ടാം പകുതിയിൽ 49–ാം മിനിറ്റിൽ സിറ്റി താരം ഫിലിപ്പ് ഫോഡനും 55–ാം മിനിറ്റിൽ ജെയ്ഡൻ സാഞ്ചോയും നേടിയ ഗോളുകൾ ഇംഗ്ലണ്ടിന്റെ ലീഡ് മൂന്നിലേക്കുയർത്തി. തുടർച്ചയായ രണ്ടാം മല്‍സരത്തിലും ഇംഗ്ലണ്ട് അനായാസം ജയിച്ചു കയറുമെന്നു കരുതിയിരിക്കെ ഇരട്ടഗോളുകളുമായി ഡീഗോ ലെയ്നസ് അവതരിച്ചു.

66–ാം മിനിറ്റിൽ ഇടംകാൽ ഷോട്ടിലൂടെ ഇംഗ്ലണ്ട് വല കുലുക്കിയ ലെയ്നസ്, 72–ാം മിനിറ്റിൽ രണ്ടാം ഗോളു നേടിയതോടെ മൽസരം ആവേശകരമായി. ഇരട്ടഗോളിന്റെ ആവേശത്തിൽ സമനില പിടിക്കാനായി പൊരുതിയ മെക്സിക്കോയുടെ ശ്രമങ്ങൾക്ക് ഇംഗ്ലണ്ട് താരങ്ങൾ ഫലപ്രദമായി തടയിട്ടതോടെ തുടർച്ചയായ രണ്ടാം വിജയവുമായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക്. ആദ്യ മൽസരത്തിൽ ഇറാഖിനോടു സമനില വഴങ്ങിയ മെക്സിക്കോയ്ക്ക് പ്രീക്വാർട്ടർ സാധ്യതകൾ ഇപ്പോഴും അകലെ.