കൊച്ചി ∙ അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ബ്രസീൽ ടീമിനും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും ഒരു സങ്കടവാർത്ത. ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ഇത്തവണ ലോകകപ്പിനെത്തില്ല. താരത്തെ വിട്ടുനല്‍കാന്‍ ക്ലബ് തയാറാകാത്തതാണ് കാരണം. ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയിൽനിന്നു പൊന്നുംവിലയ്ക്കു സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് സ്വന്തമാക്കിയ താരമാണ് വിനീഷ്യസ് ജൂനിയർ. താരത്തെ ലോകകപ്പിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് റയലും ഫ്ലെമിംഗോയും തമ്മിൽ ധാരണയിലെത്തിയതോടെയാണ് ഈ അദ്ഭുത ബാലന്റെ പ്രകടനം നേരിട്ടു കാണാനുള്ള അവസരം ഇന്ത്യയിലെ ആരാധകർക്ക് നഷ്ടമാകുന്നത്.
ബ്രസീൽ ഉൾപ്പെടുന്ന ഡി ഗ്രൂപ്പിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിലായതിനാൽ, മലയാളി ആരാധകരെ സംബന്ധിച്ചും തീർത്തും നിരാശാജനകമായ വാർത്തയാണിത്. ഏഴിനു സ്പെയിനുമായും പത്തിനു ദക്ഷിണകൊറിയയുമായാണു കലൂർ സ്റ്റേഡിയത്തിൽ ബ്രസീലിന്റെ രണ്ടു മത്സരങ്ങൾ. നൈജീരിയയുമായുള്ള മത്സരം 13നു ഗോവയിലാണ്.
ഏകദേശം, 45 ദശലക്ഷം യൂറോയ്ക്കാണ് (ഏകദേശം 346 കോടി രൂപ) വിനീഷ്യസിനെ യൽ മഡ്രിഡ് സ്വന്തമാക്കിയത്. അതേസമയം, രാജ്യാന്തര ട്രാൻസ്ഫർ നിയമാനുസൃതമാവണമെങ്കിൽ കളിക്കാരനു 18 വയസ്സു തികയണം എന്നതിനാൽ അടുത്ത ജൂലൈയിൽ മാത്രമേ വിനീഷ്യസ് റയലിലെത്തൂ. അതുവരെ താരം ഫ്ലെമിംഗോയ്ക്കൊപ്പമുണ്ടാകും.