ഗുവാഹത്തി∙ ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാംപ്യൻമാരായി അണ്ടർ 17 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ലീഡു വഴങ്ങിയശേഷം അഞ്ചു ഗോളുകൾ തിരിച്ചടിച്ചാണ് ഫ്രാൻസിന്റെ വിജയം. മറ്റൊരു മൽസരത്തിൽ ന്യൂകാലിഡോണിയയോട് സമനില വഴങ്ങേണ്ടിവന്നെങ്കിലും നാലു പോയിന്റുമായി ജപ്പാനും പ്രീക്വാർട്ടറിൽ കടന്നു. മൂന്നു പോയിന്റുള്ള ഹോണ്ടുറാസ് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയപ്പോൾ ജപ്പാനെതിരായ സമനില സമ്മാനിച്ച ഒരു പോയിന്റുമായി ന്യൂ കാലിഡോണിയ പുറത്തായി.
ഗുവാഹത്തിയിൽ നടന്ന മൽസരത്തിന്റെ 10–ാം മിനിറ്റിൽ കാർലോസ് മേജയിലൂടെ ഫ്രാൻസിനെ ഞെട്ടിച്ച ശേഷമാണ് ഹോണ്ടുറാസ് തകർന്നടിഞ്ഞത്. ഗോൾ വഴങ്ങിയ ഫ്രാൻസ് തൊട്ടുപിന്നാലെ തന്നെ ഹോണ്ടുറാസിന് മറുപടിയും നൽകി. 14–ാം മിനിറ്റില്‍ വിൽസൻ ഇസിദോറാണ് ഫ്രാൻസിനായി സമനില ഗോൾ നേടിയത്. പിന്നാലെ അലക്സിസ് ഫ്ലിപ്സിലൂടെ ഫ്രാൻസ് ലീഡും നേടി. സ്കോർ 2–1രണ്ടാം പകുതിയിൽ അലക്സിസ് ഫ്ലിപ്സ് വീണ്ടും ലക്ഷ്യം കണ്ടു. അവസാന മിനിറ്റിൽ അമിനി ഗുയിരിയും യാസിൻ അഡ്‍ലിയും ലക്ഷ്യം കണ്ടതോടെ ഫ്രാൻസ് വിജയവും ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.
സമനില വഴങ്ങി ജപ്പാൻ
ഫ്രാന്‍സിനോടും ഹോണ്ടുറാസിനോടും തകർന്നടിഞ്ഞ ന്യൂകാലിഡോണിയയുടെ പുതിയ മുഖമാണ് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ കണ്ടത്. ടൂർണമെന്റിലെ ഏറ്റവും ദുർബലരെന്ന് മുദ്ര കുത്തപ്പെട്ട അവർ ഏഷ്യൻ ശക്തികളായ ജപ്പാനെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ജപ്പാൻ ഒരു ഗോളിനു മുന്നിലായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ നകാമുറ നേടിയ ഗോളാണ് ജപ്പാനു ലീഡു സമ്മാനിച്ചത്. എന്നാൽ പിന്നീടങ്ങോട്ട് അവിശ്വസനീയമായ നിമിഷങ്ങളാണ് സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ കണ്ടത്. തകർപ്പൻ തിരിച്ചുവരവു നടത്തിയ ന്യൂകാലിഡോണിയ പേരുകേട്ട ജപ്പാൻ ആക്രമണത്തെ പിടിച്ചുകെട്ടി. ഒടുവിൽ 83–ാം മിനിറ്റിൽ ജേക്കബ് ജിനോയിലൂടെ സമനില ഗോളും നേടി. സമനിലയിൽ പിരിഞ്ഞെങ്കിലും ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തോടെ ജപ്പാനും പ്രീക്വാര്‍ട്ടറിലെത്തി.