ബെംഗളൂരു∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊല ചെയ്തതെന്നു സംശയിക്കുന്നയാളുടെ കൂടുതൽ വ്യക്തതയുള്ള ചിത്രം പൊലീസ് പുറത്തുവിട്ടു. ബൈക്കിൽ വെള്ള ഷർട്ടും ഇരുണ്ട പാന്റ്സും തലയിൽ ഹെൽറ്റും കൈയിൽ ഗ്ലൗസുകളും ധരിച്ചയാളുടെ കൂടുതൽ വ്യക്തതയുള്ള സിസിടിവി ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ രേഖാചിത്രം തയാറാക്കാനായി സമീപവാസികളുടെയും മറ്റും സഹായം തേടിയിരിക്കുകയാണിപ്പോൾ.
സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടുമണിയോടെ വീടുനു പുറത്തുവച്ചാണ് അജ്ഞാതരായവർ ഗൗരിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഹെൽമറ്റ് ധരിച്ച അക്രമി ഗൗരിയുടെ നെഞ്ചിലേക്കു വെടിയുതിർക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. കൊലയാളികളെന്നു സംശയമുള്ളവരുടെ രേഖാചിത്രം കഴിഞ്ഞ ദിവസം കർണാടക പൊലീസ് പുറത്തുവിട്ടിരുന്നു.