ഏഷ്യാ കപ്പ് ഹോക്കിയിൽ മലേഷ്യയെ ഗോൾമഴയിൽ മുക്കി ഇന്ത്യ (6–2)

ഗോൾനേട്ടം ആഘോഷിക്കുന്ന ഗുർജന്ദ് സിങ്. (ട്വിറ്റർ ചിത്രം)

ധാക്ക ∙ ഏഷ്യ കപ്പ് ഹോക്കി സൂപ്പർഫോർ പോരാട്ടത്തിൽ മലേഷ്യയെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തകർത്ത് ഇന്ത്യയുടെ നീലപ്പട. ആകാശ്ദീപ് സിങ് (14), ഹർമൻപ്രീത് സിങ് (19), എസ്.കെ. ഉത്തപ്പ (24), ഗുർജന്ദ് സിങ് (33), എസ്.വി. സുനിൽ (40), സർദാർ സിങ് (60) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. റാസി റഹീം (50), റംദാൻ റോസ്ലി (59) എന്നിവരാണ് മലേഷ്യയ്ക്കായി ലക്ഷ്യം കണ്ടത്.

മലേഷ്യയ്ക്കെതിരായ വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ സൂപ്പർഫോറിൽ ഒന്നാമതെത്തി. പാക്കിസ്ഥാനെതിരെ ഒരു മൽസരം കൂടി അവശേഷിക്കെ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു. കഴിഞ്ഞ മൽസരത്തിൽ ദക്ഷിണകൊറിയയ്ക്കെതിരെ ഇന്ത്യ സമനില വഴങ്ങിയിരുന്നു. ശനിയാഴ്ചയാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മൽസരം. പ്രാഥമിക റൗണ്ടിൽ കണ്ടുമുട്ടിയപ്പോൾ ഇന്ത്യ പാക്കിസ്താനെ 3–1നു തകർത്തിരുന്നു.