തിരുവനന്തപുരം∙ കണ്ണൂർ മെഡിക്കൽ കോളജിലെ കഴിഞ്ഞ വർഷത്തെ വിദ്യാർഥി പ്രവേശനം സ്ഥിരപ്പെടുത്തി നൽകാൻ സർക്കാർ സമർപ്പിച്ച ഓർഡിനൻസ് ഗവർണർ പി.സദാശിവം ഒപ്പിട്ടു. ആദ്യം മടക്കിയ ഓർഡിനൻസിൽ സർക്കാർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് ഒപ്പിട്ടത്. ഓർഡിനൻസ് ഇറക്കേണ്ട അത്യാവശ്യം എന്താണെന്ന ഗവർണറുടെ ചോദ്യത്തിന് ഒന്നരക്കൊല്ലം പഠനം പൂർത്തിയാക്കിയ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നു സർക്കാർ മറുപടി നൽകി.
മെറിറ്റ് പട്ടിക അട്ടിമറിച്ചതുമായി ബന്ധപ്പെട്ടു ഗവർണർ ഉന്നയിച്ച ആശങ്കയ്ക്കു പ്രവേശന മേൽനോട്ട സമിതി ഈ വിഷയം പഠിച്ചു പരിഹരിച്ചതാണെന്നും സർക്കാർ അറിയിച്ചു. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസുമായി ഇതിനു ബന്ധമില്ലെന്നുമുള്ള നിയമവകുപ്പിന്റെ വിശദീകരണം ഉൾപ്പെടെ ഓർഡിനൻസ് സർക്കാർ വീണ്ടും ഗവർണർക്കു സമർപ്പിക്കുകയായിരുന്നു.
കണ്ണൂർ മെഡിക്കൽ കോളജിലെ 150 സീറ്റുകളിലെ പ്രവേശനമാണു മെറിറ്റ് പട്ടിക അട്ടിമറിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നു ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്തു കോളജ് മാനേജ്മെന്റ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. കോടതികൾ ജയിംസ് കമ്മിറ്റി നടപടി ശരിവച്ചതോടെ ഇൗ വിദ്യാർഥികളുടെ പ്രവേശനം റദ്ദായി. ഇതിനെതിരെയാണു സർക്കാർ ഓർഡിനൻസ് തയാറാക്കിയത്.