ദുബായ് ∙ സ്വദേശിവൽക്കരണവും ഓട്ടമേഷനും മറ്റും ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ കുറയ്ക്കുമെന്നതു യാഥാർഥ്യമാണെങ്കിലും മറുവശത്ത് അവസരങ്ങളും ഏറുന്നുണ്ട്. യുഎഇയും സൗദി അറേബ്യയും ജനുവരി മുതൽ നടപ്പാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്), അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്ത് വൻ തൊഴിൽ അവസരങ്ങളാണു തുറന്നിടുന്നത്. മറ്റു ജിസിസി രാജ്യങ്ങളും അടുത്ത വർഷങ്ങളിൽ വാറ്റ് നടപ്പാക്കുന്നതോടെ, മേഖലയിൽ സാമ്പത്തികരംഗത്തു തൊഴിൽ സാധ്യതകൾ വർധിക്കും.
വേണം അയ്യായിരം അക്കൗണ്ടന്റുമാരെ
ജീവിതച്ചെലവ് വർധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും വാറ്റ് ഏർപ്പെടുത്തുന്നതോടെ അക്കൗണ്ടിങ്, ഫിനാൻസ് രംഗത്തു തൊഴിൽ അവസരങ്ങൾ ഏറെ വർധിക്കും. ജിസിസി രാജ്യങ്ങളിൽ വാറ്റ് ഏർപ്പെടുത്തുന്നതുവഴി അക്കൗണ്ടിങ്, സാമ്പത്തിക രംഗത്ത് അയ്യായിരം തൊഴിൽ അവസരങ്ങളാണുണ്ടാകുന്നതെന്നു വിദഗ്ധർ പറയുന്നു.
നികുതി ഉപദേശകർക്ക് ഉൾപ്പെടെ സാധ്യതയുമായി തൊഴിൽരംഗം കുതിച്ചുചാട്ടം നടത്തുമെന്നു ദുബായ് ഫ്രീസോൺസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ സറൂണി പറഞ്ഞു. നികുതിനിയമങ്ങൾ കമ്പനികൾ മനസ്സിലാക്കേണ്ടതുണ്ട്. പ്രഫഷനൽ രംഗത്തും വേണ്ട മാറ്റങ്ങൾ വരുത്തണം. അക്കൗണ്ടന്റുമാർക്കു കൂടുതൽ പരിശീലനം നൽകണം. പുതിയ നികുതി നിയമങ്ങളുമായി പരിചയപ്പെടുത്തുന്ന ശിൽപശാലകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുബായിലെ 24 ഫ്രീസോണുകളിലായി 30,000 കമ്പനികളും 33,00,000 ജീവനക്കാരുമാണു ജോലി ചെയ്യുന്നത്. എമിറേറ്റിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 33 ശതമാനവും ഫ്രീസോണുകളിൽ നിന്നാണ്. 40 ഫ്രീസോണുകളാണ് യുഎഇയിൽ ആകെയുള്ളത്. അറബ് രാജ്യങ്ങളിലെ ഫ്രീസോണുകളിലെ 25 ശതമാനവും യുഎഇയിലാണ്.
കുറഞ്ഞ നികുതി
നൂറ്റൻപതോളം രാജ്യങ്ങളിൽ വാറ്റ് നടപ്പാക്കിയിട്ടുണ്ടെങ്കിലും അഞ്ചു ശതമാനം എന്ന ഏറ്റവും കുറഞ്ഞ നിരക്കാണു യുഎഇ ഏർപ്പെടുത്തുന്നത്. രാജ്യാന്തര ശരാശരി 19% ആണ്. നൂറോളം ഭക്ഷ്യവസ്തുക്കൾ, അടിസ്ഥാന ആരോഗ്യസേവനം, പൊതു വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയവയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വാറ്റ് സംബന്ധിച്ച എക്സിക്യൂട്ടീവ് നിയമങ്ങളും നിബന്ധനകളും പുറത്തുവിട്ടിട്ടില്ലെന്നു സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂറി അറിയിച്ചു. ഫെഡറൽ ടാക്സ് അതോറിറ്റിയുമായി ചേർന്നായിരിക്കും നടപടികൾ. സാമ്പത്തിക മന്ത്രാലയത്തിന്റെയും ഫെഡറൽ ടാക്സ് അതോറിറ്റിയുടെയും വെബ്സൈറ്റുകളാണ് വാറ്റ്, എക്സൈസ് ടാക്സ് എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാറ്റും കോഴ്സും
ജിസിസി രാജ്യങ്ങളിൽ വാറ്റ് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതോടെ, ഇതുസംബന്ധിച്ച കോഴ്സുകളും ആരംഭിച്ചു. പ്രമുഖ കൺസൽറ്റൻസി സ്ഥാപനമായ പിഡബ്ല്യുസിയുടെ ജിസിസി വാറ്റ് കംപ്ലയെൻസ് ഡിപ്ലോമ കോഴ്സുകൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. ജീവനക്കാർക്ക് വാറ്റ് നിയമങ്ങളെക്കുറിച്ചും പ്രയോഗത്തെക്കുറിച്ചും വിവരങ്ങൾ നൽകാനും മറ്റുമുള്ള കോഴ്സാണിത്. നികുതി രംഗത്തു പ്രമുഖരായ ടോളിയുമായി ചേർന്നാണു കോഴ്സ് നടത്തുന്നത്.
മറ്റു രംഗങ്ങളിലും അവസരം
എണ്ണയിതര സാമ്പത്തിക വ്യവസ്ഥയിലേക്കു ഗൾഫ് രാജ്യങ്ങൾ മാറുന്നതോടെ വൈവിധ്യ മേഖലകൾ ഈ രാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. എണ്ണ കേന്ദ്രീകൃത വ്യവസായങ്ങൾക്ക് അപ്പുറത്ത് സേവനരംഗങ്ങൾക്കു കൂടുതൽ പ്രാധാന്യം കൈവരും. വിദഗ്ധരായ തൊഴിലാളികളെയാണു ജിസിസി രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. അവസരങ്ങൾ കണക്കുകൂട്ടി സ്വദേശി യുവാക്കൾക്കും പുതുതലമുറയ്ക്കും പരിശീലനം നൽകുന്നുണ്ടെങ്കിലും മനുഷ്യവിഭവശേഷി ഇനിയും ഏറെ ആവശ്യമാണ്.
ദുബായ് പോലെയുള്ള സ്ഥലങ്ങളിൽ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാകും. മലയാളികൾ ഏറെയുള്ള ആരോഗ്യരംഗത്ത് അവസരങ്ങൾ കുറയുകയില്ലെന്നതു മാത്രമല്ല, കൂടുതൽ ആശുപത്രികളും ക്ലിനിക്കുകളും ആരംഭിക്കാനുള്ള പദ്ധതികൾ ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തോടെ ആരോഗ്യസുരക്ഷ പദ്ധതികളും തുടങ്ങിയതിനാൽ ഈ രംഗത്തും അവസരങ്ങൾ വർധിക്കും.
വിവര സാങ്കേതികവിദ്യയിൽ കേന്ദ്രീകരിക്കുന്ന പദ്ധതികൾക്കാണു ദുബായ് പോലെയുള്ള നഗരങ്ങൾ പ്രാധാന്യം നൽകുന്നത്. സ്മാർട് ദുബായ് ഉൾപ്പെടെ ഇന്നവേഷനു മുൻതൂക്കം നൽകിയുള്ള പദ്ധതികൾ ഡിജിറ്റൽ രംഗത്ത് ഏറെ അവസരങ്ങൾ ഒരുക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ത്രിഡി പ്രിന്റിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ രംഗങ്ങളിലെല്ലാം ജോലിസാധ്യതകൾ വർധിക്കുകയാണ്. സ്പെഷലൈസ്ഡ് ആയിട്ടുള്ള എൻജിനീയറിങ് രംഗത്തിന്റെ കാലമെത്തി. സോളർ എനർജി ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ ഊർജരംഗത്തും സാങ്കേതിക വിദഗ്ധർക്ക് അവസരങ്ങൾ തുറന്നിടുകയാണു ഗൾഫ് രാജ്യങ്ങൾ.