Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യയിൽ മരിച്ചതു ഡോ. ഓമനയല്ല; തിരുവനന്തപുരം സ്വദേശിനി മെർലിന്‍ റൂബി

Omana 1) ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമന 2) ഇന്ത്യൻ ഹൈകമ്മിഷൻ കേരളത്തിലെ പത്രങ്ങളിൽ കഴിഞ്ഞ ദിവസം നൽകിയ പരസ്യം.

തളിപ്പറമ്പ് ∙ മലേഷ്യയിൽ‍ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ച മലയാളി സ്ത്രീ, പണ്ട് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയല്ലെന്ന് പൊലീസ്. തിരുവനന്തപുരം ചെറിയതുറ സ്വദേശിനി മെർലിൻ റൂബിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മലേഷ്യയിലെ സുബാങ് ജായ സേലങ്കോർ എന്ന സ്ഥലത്തു കെട്ടിടത്തിൽ നിന്നു വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം അവിടത്തെ ഇന്ത്യൻ ഹൈകമ്മിഷൻ കേരളത്തിലെ പത്രങ്ങളിൽ കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. പടം കണ്ടു സംശയം തോന്നിയ ചിലരാണു മരിച്ചത് ഡോ. ഓമനയാണെന്നു സംശയം പ്രകടിപ്പിച്ചത്.

തുടർന്ന് പൊലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

1996ലാണു കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഡോ. ഓമന അറസ്റ്റിലായത്. പയ്യന്നൂർ സ്വദേശിയായ കോൺട്രാക്ടർ മുരളീധരനെ ഊട്ടിയിലെ ഹോട്ടൽ മുറിയിൽ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ശേഷം ചെറിയ കഷണങ്ങളാക്കി സ്യൂട്ട്കേസിൽ കുത്തിനിറച്ചു ടാക്സിയിൽ കൊണ്ടു പോവുന്നതിനിടെ ഡ്രൈവർക്കു സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. 2001ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമന വ്യാജ പാസ്പോർട്ടിൽ മലേഷ്യയിലേക്കു കടന്നതായി സൂചനയുണ്ടായിരുന്നു.