മൈസൂരു ∙ മതി വരുവോളം പാടിത്തീർത്തു പൂങ്കുയിൽ വേദിവിട്ടു. ഇനി എസ്.ജാനകിയെന്ന ഗായിക പൊതുവേദിയിൽ പാടില്ല. മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ണുകൾ നിറഞ്ഞു. ഹർഷാരവം മുഴക്കിയും കൈവീശിയും അവർ ജാനകിയെ യാത്രയാക്കി. സിനിമയിൽ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീതനിശകളിലും ഉണ്ടാകില്ല. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാൻ തീരുമാനിച്ചത്.
വെള്ളയിൽ ഇളംനീല പൂക്കളുള്ള സാരിത്തുമ്പു തോളിലേക്കു കോരിയിട്ടു നിറചിരിയോടെ മകൻ മുരളീകൃഷ്ണയുടെ കൈപിടിച്ചു ജാനകി എത്തി. എഴുന്നേറ്റുനിന്നു പുരുഷാരം ഗായികയെ സ്വീകരിച്ചു. മൈസൂരു കൊട്ടാരത്തിലെ രാജമാതാവ് പ്രമോദ ദേവിയും കന്നഡ സിനിമാ താരങ്ങളും പ്രിയഗായികയെ സ്വീകരിക്കാനെത്തിയിരുന്നു.
‘നിങ്ങളുടെ സ്നേഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നിങ്ങളുടെ മനസ്സിൽ ഞാനുണ്ട്. ഞാൻ തൃപ്തയാണ്,’ എസ്.ജാനകി സദസ്സിനു നേർക്കു കൈകൂപ്പി. തുടർന്നു ‘ഗണവദനേ ഗുണസാഗരേ...’ എന്ന കന്നഡ ഗാനം ആ ചുണ്ടുകളിൽ നിന്നു പുറത്തേക്കൊഴുകി. ‘സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ...’ ഉൾപ്പെടെയുള്ള മലയാള ഗാനങ്ങളും സംഗീതനിശയിൽ ഇടംനേടി.
സംഗീത സംവിധായകൻ രാജനാഗേന്ദ്ര, കന്നഡ നടിമാരായ ജയന്തി, ഭാരതി വിഷ്ണുവർധൻ, ഹേമ ചൗധരി, ഷൈലശ്രീ, പ്രതിമാദേവി, നടൻ രാജേഷ് തുടങ്ങിയവർ വേദിയിലെത്തി ജാനകിയെ ആദരിച്ചു. ഇവർക്കു വേണ്ടി പാടിയ പാട്ടുകളായിരുന്നു ജാനകി തിരികെ സമ്മാനമായി നൽകിയത്.
പാട്ടു നിർത്തരുതെന്ന സദസ്സിന്റെ അഭ്യർഥനയോട്, സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണമെന്ന പഴഞ്ചൊല്ല് ജാനകി ഓർമിപ്പിച്ചു. മൈസൂരു മലയാളിയായ മനു ബി.മേനോൻ നേതൃത്വംനൽകുന്ന സ്വയംരക്ഷണ ഗുരുകുലവും എസ്.ജാനകി ചാരിറ്റബിൾ ട്രസ്റ്റ് മൈസൂരുവും സുവർണ കർണാടക കേരള സമാജം ഉത്തര മേഖലയും ചേർന്നാണു സംഗീത നിശയ്ക്ക് അരങ്ങൊരുക്കിയത്.
നിന്റെ മൗനം പോലും മധുരം
കഴിഞ്ഞ മൂന്നുദിവസമായി എസ്.ജാനകി മൗനവ്രതത്തിലായിരുന്നു. കുഞ്ഞ് ശബ്ദം പുറപ്പെടുവിച്ചാൽപോലും അതു തന്റെ സ്വരത്തെ തളർത്തുമോ എന്ന ആശങ്കയായിരുന്നു ആ മനസ്സിൽ. ചെന്നൈയിൽ തിരക്കിട്ടു പരിശീലനം നടത്തിയ ശേഷമായിരുന്നു മൗനത്തിലേക്ക് ഉൾവലിഞ്ഞത്. തന്റെ സംഗീതനിശ ആസ്വദിക്കാനെത്തിയ രാജമാതാവ് പ്രമോദാ ദേവിയോടു കുശലാന്വേഷണം നടത്തി വ്രതം മുറിച്ചു.
പിന്നീട് അവതാരക ഹേമാപ്രസാദിനോടു താൻ പാടുന്ന പാട്ടുകളെക്കുറിച്ചു ചുരുക്കം ചില വാക്കുകൾ. പിന്നീട് ജാനകിക്കു പാടാനും പറയാനുമുണ്ടായിരുന്നതു കടൽ കണക്കെ ഇരമ്പിയ പുരുഷാരത്തോടായിരുന്നു. പാട്ടിനോടു വിടചൊല്ലുന്നതിന്റെ സങ്കടം തികട്ടിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു. ചലച്ചിത്രരംഗത്തെ പഴയ കൂട്ടുകാരെ കണ്ടപ്പോൾ കൊച്ചുകുട്ടിയായി. അവരോടു നേരമ്പോക്കു പറഞ്ഞ് ഉറക്കെ ചിരിച്ചു.
വേദിയിൽ ആദരിക്കാനെത്തിയ പഴയകാല നടിമാരെ പാട്ടുപാടി വരവേറ്റു. അവരെ ആലിംഗനം ചെയ്തു. ഉമ്മവച്ചു. ഓരോ വാക്കിലും ആരാധകർക്കു നന്ദി ചൊല്ലി. തന്നോടുള്ള കടുത്ത ആരാധന കാരണം തന്റെ സ്ഥാപനത്തിന് എസ്.ജാനകി എന്നു പേരിട്ട മൈസൂരു സ്വദേശി വിവേകിനെ അടുത്തുവിളിച്ചു. എസ്.ജാനകി ഫർണിച്ചർ ആൻഡ് ടിംപർ എങ്ങനെ പോകുന്നു എന്ന് അന്വേഷിച്ചു. മൈസുരുവിൽ സംഗീതനിശ സംഘടിപ്പിക്കുന്നതിനായി കഴിഞ്ഞ 10 വർഷമായി വിവേക് ജാനകിയുടെ പിറകേ നടക്കുകയായിരുന്നു. ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞിരുന്ന ജാനകി തന്റെ അവസാനത്തെ സംഗീതപരിപാടി ഈ നഗരത്തിൽത്തന്നെയെന്ന് ഒടുവിൽ തീരുമാനമെടുക്കുകയായിരുന്നു.
മൈസൂരു എസ്.ജാനകി ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർഥമായിരുന്നു പരിപാടി. സുവർണ കർണാടക കേരള സമാജം ഉത്തരമേഖലാ ചെയർമാൻ ടി. അനിരുദ്ധൻ, സെക്രട്ടറി കെ.യു.ഷിജു കൃഷ്ണൻ, കോഓർഡിനേറ്റർ കെ.ജയരാജൻ, സി.പി.പവിത്രൻ എന്നിവർ ജാനകിയെ ആദരിച്ചു.