സ്വാതന്ത്ര്യം പ്രഖ്യാപിച്ച നേതാക്കൾ രാജ്യം വിട്ടു; കാറ്റലോണിയയുടെ നിയന്ത്രണം സ്പെയിൻ ഏറ്റെടുത്തു

കാര്‍ലസ് പൂജമോണ്ട്

ബാർസിലോന∙ സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയില്‍ സ്പാനിഷ് ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തു. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാര്‍ലസ് പൂജമോണ്ടും അടുത്ത അനുയായികളും രാജ്യം വിട്ടു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്കാണു പൂജമോണ്ട് കടന്നതെന്നു സ്ഥിരീകരിച്ചു. അതേസമയം, രാജ്യം വിട്ടെങ്കിലും പ്രവാസത്തിൽ സർക്കാരിനെ രൂപീകരിക്കാൻ പൂജമോണ്ടും സംഘവും തയാറെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉടന്‍ തന്നെ പൂജമോണ്ടിനെയും മന്ത്രിമാരെയും മാഡ്രിഡിലെ മരിയാനോ റഹോയ് ഭരണകൂടം പുറത്താക്കിയിരുന്നു. പൂജമോണ്ട് ബെല്‍ജിയത്തില്‍ രാഷ്ട്രീയ അഭയം തേടുമോയെന്നു വ്യക്തമല്ല. എന്നാല്‍, ഡിസംബര്‍ 21നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ പൂജമോണ്ടിന്റെ അനുയായികള്‍ മല്‍സരിക്കുെമന്നാണു സൂചന. പൂജമോണ്ടിനെതിരെ രാജ്യദ്രാഹകുറ്റം ചുമത്താനുള്ള നടപടികള്‍ ഭരണകൂടം ആരംഭിച്ചു.

സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യദ്രോഹത്തിനും വിപ്ലവം ഉണ്ടാക്കിയതിനും പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിനും നേതാക്കൾക്കെതിരെ കുറ്റം ചുമത്തണമെന്ന് സ്പെയിനിലെ അറ്റോർണി ജനറൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കൾ രാജ്യം വിട്ടത്. പുജെമോണ്ടിനൊപ്പം അഞ്ച് മുൻ മന്ത്രിമാരും നാടുവിട്ടവരിൽപ്പെടുന്നു.