Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തച്ഛൻ പുരസ്കാരം മലയാളിയുടെ പ്രിയകവി കെ.സച്ചിദാനന്ദന്

K. Sachidanandan K. Sachidanandan

തിരുവനന്തപുരം∙ സാഹിത്യത്തിന് സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ. സച്ചിദാനന്ദന്. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ.കെ. ബാലനാണു പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണു ജേതാവിനെ നിർണയിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്കാരം.

1946 മേയ് 28നു തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചിദാനന്ദന്‍ തർജമകളടക്കം അൻപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ പ്രതിഭകളെ വിവർ‌ത്തനത്തിലൂടെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയതിൽ സച്ചിദാനന്ദനു മുഖ്യപങ്കുണ്ട്. 2012-ൽ "മറന്നു വച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു. ഒന്നിലേറെ തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സച്ചിദാനന്ദനെ 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2012ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

എഴുത്തച്ഛനെഴുതുമ്പോൾ, ഇവനെക്കൂടി, വിക്ക്, മറന്നു വച്ച വസ്തുക്കൾ, അഞ്ചു സൂര്യൻ എന്നിവ ഉൾപ്പെടെ ഇരുപതിലേറെ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കവിതകൾ, മൂന്നാം ലോക കവിത എന്നിവയാണു പ്രധാന വിവർത്തന കവിത സമാഹാരങ്ങൾ. നാടകങ്ങൾ, യാത്രാവിവരണങ്ങൾ, പഠനങ്ങൾ, ലേഖനസമാഹാരങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.