അഹമ്മദാബാദ്∙ ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിനു നേരെ 2002ലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളെന്നു കരുതുന്ന അബ്ദുല്‍ റാഷിദ് അജ്മീരി അറസ്റ്റിൽ. റിയാദിൽ നിന്നു വരുംവഴി സർദാര്‍ വല്ലഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു അറസ്റ്റ്.
ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാൻ ലഷ്കറെ തയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള ആരോപണം. സഹോദരനെ കാണുന്നതിനു വേണ്ടി റിയാദിൽ നിന്ന് അഹമ്മദാബാദിലേക്ക് അബ്ദുൽ റാഷിദ് വരുന്നുണ്ടെന്ന സൂചന അന്വേഷണ സംഘത്തിനു നേരത്തേത്തന്നെ ലഭിച്ചിരുന്നു. ഇതനുസരിച്ചു നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായതെന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡിസിപി ദീപൻ ഭദ്രൻ പറഞ്ഞു.
അഹമ്മദാബാദ് സ്വദേശിയായ ഇയാൾ ഭീകരാക്രമണത്തിനു തൊട്ടുമുൻപായി റിയാദിലേക്കു കടക്കുകയായിരുന്നു. അജ്മീരിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സംഭവത്തിൽ പങ്കാളികളായ കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണു കരുതുന്നതെന്നും ഡിസിപി പറഞ്ഞു.
2002 സെപ്റ്റംബർ 24നാണ്, പ്രശസ്‌തമായ അക്ഷർധാം ക്ഷേത്രസമുച്ചയത്തിലേക്ക് ആക്രമിച്ചുകയറിയ ഭീകരർ 32 പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. രണ്ടു ദേശീയ സുരക്ഷാസേന കമാൻഡോകളും രണ്ടു പൊലീസ് കമാൻഡോകളും ഉൾപ്പെടെയാണ് അന്നു കൊല്ലപ്പെട്ടത്. എൺപതിലേറെ പേർക്കു പരുക്കേറ്റു. വൈകിട്ട് അഞ്ചോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിൽ അംബാസഡർ കാറിലെത്തിയ ഭീകരർ വേലി ചാടിക്കടന്നു ക്ഷേത്രത്തിലേക്കു പായുകയായിരുന്നു. യന്ത്രത്തോക്കുകളുപയോഗിച്ചു തുരുതുരാ വെടിയുതിർക്കുന്നതിനിടയിൽ അവർ ഗ്രനേഡുകൾ എറിയുകയും ചെയ്‌തു. സ്വാമി നാരായൺ പ്രസ്‌ഥാനത്തിന്റെ ചുമതലയിലുള്ളതാണ് ക്ഷേത്രം.
സബർമതി ജയിലിലായിരുന്നു വിചാരണക്കോടതി ക്രമീകരിച്ചത്. അഹമ്മദാബാദിലും ഹൈദരാബാദിലുമുള്ള ചില മതനേതാക്കളും തീവ്രവാദി നേതാക്കളും ചേർന്നു സൗദിയിലെ റിയാദിൽവച്ചു നടത്തിയ ഗൂഢാലോചനയെ തുടർന്നായിരുന്നു ആക്രമണമെന്ന് വിചാരണയ്ക്കിടെ 2005ൽ ഒരു സാക്ഷി പ്രത്യേക കോടതിയിൽ വെളിപ്പെടുത്തി. റിയാദിൽ നിന്നു മടങ്ങിയവർ അഹമ്മദാബാദിലും ഹൈദരാബാദിലുംവച്ച് ആക്രമണ പദ്ധതിയുടെ അനുബന്ധ പ്രവർത്തനങ്ങൾ നടത്തി. അക്ഷർധാം ആക്രമണത്തിന്റെ നിർവഹണച്ചുമതല രണ്ടു പാക്ക് ഭീകരരെയാണ് ഏൽപ്പിച്ചത്. സെപ്‌റ്റംബർ 24നു നടന്ന ആക്രമണത്തിനൊടുവിൽ രണ്ടു ഭീകരരും കൊല്ലപ്പെടുകയും ചെയ്‌തു. ദേശീയ സുരക്ഷാസേനയുടെ വെടിയേറ്റാണ് അക്രമികൾ കൊല്ലപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരെയും 2014 മേയിൽ സുപ്രീംകോടതി വെറുതെ വിട്ടു. ഇവരിൽ മൂന്നു പേർക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു.