ഐഎച്ച്ആർഡി നിയമനം: വിഎസിന്റെ മകൻ അരുൺകുമാറിന് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം∙ ഐഎച്ച്ആർഡി നിയമനക്കേസിൽ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിനു വിജിലൻസിന്റെ ക്ലീൻചിറ്റ്. അരുൺകുമാറിനെ അഡീഷനൽ ഡയറക്ടറായി നിയമിച്ചത് യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. കോടതിയിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു.

യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് മുൻ എംഎൽഎ പി.സി.വിഷ്ണുനാഥിന്റെ നിയമസഭയിലെ സബ്മിഷനെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തിയത്. പ്രാഥമിക പരിശോധനയ്ക്കുശേഷം ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രവീന്ദ്രൻ നായരുടെ നിയമനവും വിജിലൻസ് ശരിവച്ചു.

നേരത്തേ, അരുൺകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിന്റെ അന്വേഷണം, ആരോപണത്തിൽ കഴമ്പില്ലെന്നു വിലയിരുത്തി വിജിലൻസ് അവസാനിപ്പിച്ചിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് അരുൺകുമാറിനെതിരെ 11 അന്വേഷണങ്ങൾ ആരംഭിച്ചത്.