തിരുവനന്തപുരം ∙ വനിതാമതിൽ വിഷയത്തിൽ തനിക്കെതിരെ വിമർശനമുന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു മറുപടിയുമായി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ശബരിമല യുവതീപ്രവേശത്തെ പിന്തുണക്കുന്നതില്‍ കാനം രാജേന്ദ്രന്‍ അൽപം പിന്നിലായെന്നു വിഎസ് പരിഹസിച്ചു. കാനം രാജേന്ദ്രന്‍ ഇപ്പോഴും സിപിഐ ആണെന്നു വ്യക്തമായ ബോധ്യമുണ്ടെന്നും വിഎസ് പറഞ്ഞു.
കാനത്തിന്റെ മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതു കൊണ്ടാവാം യുവതീപ്രവേശത്തെ പിന്തുണക്കുന്നതിൽ പിന്നിലായിപ്പോയത്. വനിതാ മതിലിനു താന്‍ എതിരല്ല. തന്റെ പ്രസ്താവനയിൽ വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമാണു പറഞ്ഞത്. വര്‍ഗ സമരത്തെ കുറിച്ചു താന്‍ പറഞ്ഞതു കാനം തെറ്റിദ്ധരിച്ചു– വിഎസ് കുറ്റപ്പെടുത്തി.
വനിതാമതിലിന്റെ സംഘാടനത്തെ വിമർശിച്ച വിഎസിനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കുമെതിരെ കാനം രംഗത്തെത്തിയിരുന്നു. പാർട്ടിയും മുന്നണിയും ചേർന്നാണു വനിതാമതിൽ തീരുമാനം എടുത്തത്. വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നു വിശ്വസിക്കുന്നു എന്നുമാണു കാനം പറഞ്ഞത്.