പുതുവൈപ്പ് സമരം: ജനങ്ങളുടെ ആശങ്കകൾ ന്യായമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

കൊച്ചി ∙ പുതുവെപ്പ് സമരത്തിൽ ജനങ്ങളുടെ ആശങ്കൾ ന്യായമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതി ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐഒസി അനുമതി നല്‍കിയപ്പോഴുളള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ദുരന്തനിവാരണ പദ്ധതി പുനപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പദ്ധതിയുടെ മേല്‍നോട്ടത്തിന് വിദഗ്ധസമിതി രൂപീകരിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പുതിയ എൽപിജി ഇംപോർട്ട് ടെർമിനലിനെതിരായുള്ള നാട്ടുകാരുടെ സമരം കൈകാര്യം ചെയ്തതിൽ പൊലീസിനു പിഴവ് പറ്റിയെന്ന ആക്ഷേപം സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടും പുറത്തുവരുന്നത്.

രാജ്യത്തെ പാചകവാതക ക്ഷാമത്തിനുപരിഹാരമാകുന്ന പദ്ധതികളിലൊന്നായാണ് ഇതിനെ ഐഒസി വിഭാവനം ചെയ്യുന്നതെങ്കിലും ജനസാന്ദ്രത കൂടിയ പുതുവൈപ്പ് പ്രദേശത്ത് ഇതു സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണു നാട്ടുകാരുടെയും ജനകീയ ജാഗ്രതാ സമിതിയുടെയും പരാതി.