ബെയ്ജിങ്∙ ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈൽ ചൈനീസ് സേനയുടെ ഭാഗമാകുന്നതായി റിപ്പോർട്ട്. ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ അടുത്ത വർഷത്തോടെ ചൈനീസ് സേനയുടെ ഭാഗമാകുമെന്നാണ് വിവരം. ശത്രുസേനകളുടെ പ്രതിരോധ സംവിധാനത്തിലേക്കു നുഴഞ്ഞുകയറാൻ സഹായകരമാണ് ഇത്തരം മിസൈലുകളെന്നും വിലയിരുത്തപ്പെടുന്നു.
എട്ടു തവണ പരീക്ഷണങ്ങൾ നടത്തിയ മിസൈൽ 2018 ആദ്യ പകുതിയോടെ പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ)യുടെ ഭാഗമാകും. ത്രീ സ്റ്റേജ് സോളിഡ് – ഫ്യുവൽ മിസൈലായ ഡോങ്ഫെങ് 41ന്റെ ദൂരപരിധി 12,000 കിലോ മീറ്ററാണ്.
വിക്ഷേപണത്തറയിൽനിന്ന് ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഇതുപയോഗിച്ച് ആക്രമണം നടത്താമെന്ന് ചൈനയുടെ ആയുധ നിയന്ത്രണ അഡ്വൈസർ ഷു ഗ്വാന്‍ഗ്യു പറഞ്ഞു. പത്തു ആണവ പോർമുനകൾ വഹിക്കാനും ഓരോന്നായി തൊടുക്കാനും ഇതിനു സാധിക്കും. നവംബർ ആദ്യം ചൈനയുടെ പടിഞ്ഞാറൻ മരുഭൂമിയിൽ മിസൈലിന്റെ പരീക്ഷണം നടത്തിയിരിക്കാമെന്ന് ദക്ഷിണ ചൈന മോണിങ് പോസ്റ്റ് അറിയിച്ചു. 2016 ഏപ്രിലിൽ ഇത്തരം മിസൈൽ ഉപയോഗിച്ച് ചൈന പരീക്ഷണം നടത്തിയതായി യുഎസ് കണ്ടെത്തിയിരുന്നു.
പരീക്ഷണ, നിരീക്ഷണങ്ങൾക്കു ശേഷം പുറത്തിറക്കുന്ന മിസൈൽ ചൈനയുടെ ആയുധശേഷിക്കു മുതൽകൂട്ടാകുമെന്നാണു കരുതുന്നത്. യുഎസിനെയും യൂറോപ്പിനെയും ലക്ഷ്യമിട്ടാണ് ചൈനയുടെ മിസൈൽ പരീക്ഷണമെന്നാണ് റഷ്യൻ വിദഗ്ധരുടെ വിലയിരുത്തൽ. പിഎൽഎയുടെ റോക്കറ്റ് ഫോഴ്സ് ഞായറാഴ്ച ചൈനയുടെ സ്വന്തം ആണവ മിസൈലുകളുടെ മാതൃകകൾ പുറത്തുവിട്ടിരുന്നു. ഡെങ്ഫെങ്–26 ബാലിസ്റ്റിക് മിസൈൽ, ഡോങ്ഫെങ്–21ഡി കപ്പൽവേധ ബാലിസ്റ്റിക് മിസൈൽ, ഡോങ്ഫെങ്–16 എന്നിവ നിലവിൽ ചൈനീസ് സേനയുടെ ഭാഗമാണ്.