ഭവ്നഗർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനനയവും കോൺഗ്രസിന്റെ സ്വേഛാധിപത്യ നയവും തമ്മിലുള്ള പോരാട്ടമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തെരഞ്ഞെടുപ്പ് രണ്ട് രാഷ്ട്രീയ പാർട്ടികള്‍ തമ്മിലുള്ള പോരാട്ടം മാത്രമല്ലെന്നും അമിത് ഷാ പറഞ്ഞു.
പത്തു വർഷം കേന്ദ്രം ഭരിച്ച യുപിഎ സർക്കാരിന് ഗുജറാത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കേവലം ഒരു വിനോദ സഞ്ചാര സ്ഥലമാണെന്ന് കരുതിയാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തിയതെന്നും അമിത് ഷാ പരിഹസിച്ചു. ബിജെപി ഗുജറാത്ത് പ്രസിഡന്റ് ജിത്തു വഗാനി മത്സരിക്കുന്ന ഭവ്നഗർ വെസ്റ്റ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഗുജറാത്തിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ പലതവണ കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ ആ ശ്രമങ്ങളെ എല്ലാം ജനങ്ങൾ പരാജയപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ജാതി രാഷ്ട്രീയം പറഞ്ഞ് വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമമെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു. കോൺഗ്രസ് നീക്കത്തെ വോട്ടിലൂടെ പരാജയപ്പെടുത്തേണ്ടത് ജനങ്ങളാണ്. അതുകൊണ്ടു തന്നെ ന്യൂനപക്ഷ സംരക്ഷണവും വികസന രാഷ്ട്രീയവും പിന്തുടരുന്ന ബിജെപി നയങ്ങൾക്കാകണം ജനങ്ങൾ വോട്ട് നൽകേണ്ടതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.