കളി മെച്ചപ്പെട്ടു, ‘ഗോൾ വരൾച്ച’ തുടരുന്നു; ജംഷഡ്പുരിനോടും മഞ്ഞപ്പടയ്ക്ക് സമനില (0–0)

കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പുര്‍ എഫ്സി മല്‍സരത്തിൽ നിന്നുള്ള കാഴ്ച. ചിത്രം ജോസ്കുട്ടി പനയ്ക്കല്‍

കൊച്ചി ∙ കളിമികവിൽ ബഹുദൂരം മുന്നേറിയെങ്കിലും പോസ്റ്റിനു മുന്നിൽ വീണ്ടും ലക്ഷ്യം മറന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ നാലാം സീസണിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും ഗോൾരഹിത സമനില. ഉദ്ഘാടന മൽസരത്തെ അപേക്ഷിച്ച് പ്രകടനത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബഹുദൂരം മുന്നേറിയെങ്കിലും ഇത്തവണയും ഗോളിനു മുന്നിൽ കളി മറന്നതാണ് ടീമിനു വിനയായത്. സീസണിലെ തുടർച്ചയായ രണ്ടാം ഗോൾരഹിത സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ടു മൽസരങ്ങളിൽനിന്ന് രണ്ടു പോയിന്റാണുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരവും കൊച്ചിയിലാണ്. ഡിസംബർ മൂന്നിന് രാത്രി എട്ടിനു നടക്കുന്ന മൽസരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ.

ഐഎസ്എല്ലിലെ നവാഗതരായ ജംഷഡ്പുർ എഫ്സിയുടെ കാര്യവും വിഭിന്നമല്ല. ഐഎസ്എല്ലിലെ ആദ്യ ഗോളിനായുള്ള അവരുടെ കാത്തിരിപ്പ് നീളുമെന്ന് വ്യക്തമാക്കിയാണ് അവരുടെയും രണ്ടാം മൽസരം അവസാനിക്കുന്നത്. ആദ്യ മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ നാട്ടിൽ ഗോൾരഹിത സമനിലയിൽ തളച്ച ആശാന്റെ കുട്ടികൾ, കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെയും പിടിച്ചുകെട്ടി. എവേ ഗ്രൗണ്ടിലാണ് രണ്ടു സമനിലയുമെന്നത് ജംഷഡ്പുരിനെ സന്തോഷിപ്പിക്കുമ്പോൾ, ഹോം മൈതാനത്ത് തുടർച്ചയായ രണ്ടാമത്തെ മൽസരത്തിലും സമനില വഴങ്ങേണ്ടി വന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായേക്കും.

ഐഎസ്എല്‍ ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പുര്‍ എഫ്സി മല്‍സരത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍. ചിത്രം ജോസ്കുട്ടി പനയ്ക്കല്‍

അതേസമയം, കലൂർ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി മാറ്റിയ ആരാധകർ ഇത്തവണയും നിരാശപ്പെടുത്തിയില്ല. ഔദ്യോഗിക കണക്കനുസരിച്ച് 36,752 പേരാണ് ഇന്ന് കൊച്ചിയിൽ നേരിട്ട് മൽസരം കണ്ടത്.

ഒഴുക്കുള്ള കളിയുമായി തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ്

മത്സരത്തിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

4–2–3–1 എന്ന ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ ടീമിനെ അണിനിരത്തിയത്. ഇയാൻ ഹ്യൂം ഏറ്റവും മുന്നിൽ കളിക്കുന്ന ഈ ഫോർമേഷനിൽ തൊട്ടുപിന്നിലായി ജാക്കിചന്ദ് സിങ്–ബെർബറ്റോവ്–വിനീത് ത്രയം കളം നിറഞ്ഞു. കറേജ് പെക്കൂസനും അരാത്ത ഇസൂമിയും പ്രതിരോധത്തിലും സഹായിക്കുന്ന മധ്യനിരക്കാരായി. അതേസമയം, 4–4–1–1 ശൈലിയിലായിരുന്നു ജംഷഡ്പുരിന്റെ പടയൊരുക്കം. നൈജീരിയൻ താരം അസാക്ക ഇസൂ ഏക സ്ട്രൈക്കറായപ്പോൾ കെർവൻസ് ബെൽഫോർട്ട് തൊട്ടുപിന്നിൽ കളിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പുര്‍ എഫ്സി മല്‍സരത്തിനു മുന്‍പു ടീമംഗങ്ങള്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ഗ്യാലറിയില്‍ നിന്നുള്ള ദൃശ്യം. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍

തുടക്കം മുതലേ ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെ ഒഴുക്കുള്ള കളിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ഗോളടിച്ചില്ലെന്നത് ഒഴിച്ചുനിർത്തിയാൽ ഒരു പവർ പാക്ക്ഡ് പ്രകടനം. ഗാലറികളെ ആവേശത്തിലാഴ്ത്താൻ പോന്നതെല്ലാം മൽസരത്തിലുണ്ടായിരുന്നു. മികച്ച മുന്നേറ്റങ്ങളും കൗണ്ടർ അറ്റാക്കുകളും പാസുകളും അങ്ങനെ വേണ്ടതെല്ലാം. ഇടയ്ക്ക് കയ്യാങ്കളിയിലുമെത്തി ഈ ആവേശം. പക്ഷേ ഏറ്റവും അത്യാവശ്യമായ ഗോള്‍ മാത്രം അപ്പോഴും അകന്നു നിന്നു. മുന്നേറ്റത്തിൽ ഓടിക്കളിച്ച ഇയാൻ ഹ്യൂമിനു പക്ഷേ, അപകടകരമായ ഷോട്ടുകളൊന്നും ഉതിർക്കാനായില്ല. പ്രതിരോധ നിര പതിവുപോലെ ഉറച്ചുനിന്നു പൊരുതിയപ്പോൾ, ബെർബറ്റോവിന്റെ വരവോടെ മധ്യനിരയിൽ ആളനക്കമുണ്ടായി.

കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പുര്‍ എഫ്സി മല്‍സരത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍. ചിത്രം ജോസ്കുട്ടി പനയ്ക്കല്‍

കഴിഞ്ഞ മൽസരത്തിലേതു പോലെ ഇടയ്ക്ക് ഹ്യൂമിനു പകരം ഡച്ച് താരം സിഫ്നിയോസിനെയും ജാക്കിചന്ദ് സിങ്ങിനു പകരം മലയാളി താരം പ്രശാന്തിനെയും കറേജ് പെക്കൂസനു പകരം മിലൻ സിങ്ങിനെയും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പരീക്ഷിച്ചെങ്കിലും ഗോൾ ദാരിദ്ര്യം മാറിയില്ല.

കളി മെനഞ്ഞ് ബെർബറ്റോവ്, കയ്യടിച്ച് ആരാധകരും

ഈ സീസണിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം ദിമിറ്റർ ബെർബറ്റോവിന്റെ പ്രകടനമായിരുന്നു മൽസരത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്. കഴിഞ്ഞ മൽസരത്തിൽ മോശം പ്രകടനത്തെ തുടർന്ന് ആരാധകർ സംശയത്തോടെ വീക്ഷിച്ച ബെർബറ്റോവ് ഇത്തവണ പുറത്തെടുത്തത് മാസ് പ്രകടനം. മൽസരത്തിന്റെ തുടക്കം മുതലേ കളിക്കുന്നതിനൊപ്പം കളിപ്പിക്കുന്നതിലും മുന്നിൽ നിന്ന ബെർബ, ആരാധകരെ കയ്യിലെടുത്തു. ആവശ്യമുള്ളപ്പോള്‍ ഇറങ്ങി പന്തെടുത്തും അല്ലാത്തപ്പോള്‍ പന്തുമായി ഇടിച്ചു കയറിയും ബെർബറ്റോവ് കളം നിറഞ്ഞ കാഴ്ച വരും മൽസരങ്ങളെ പ്രതീക്ഷയോടെ കാണാൻ ആരാധകരെ പ്രേരിപ്പിക്കുമെന്നുറപ്പ്.

കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പുര്‍ എഫ്സി മല്‍സരത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍. ചിത്രം ജോസ്കുട്ടി പനയ്ക്കല്‍

16–ാം മിനിറ്റിൽ ഗാലറികളെ തീപിടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആ ബെർബയുടെ അവതാരവും കളത്തിൽ കണ്ടു. വല നെയ്യുന്ന ലാഘവത്തോടെ ജംഷഡ്പുർ ബോക്സിലേക്ക് ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽനിന്ന് ലാൽറുവാത്താരയുടെ ക്രോസ്. പോസ്റ്റിനു സമീപം ചെരിഞ്ഞുചാടിയ ബെർബയുടെ ഷോട്ട് ഗോൾകീപ്പർ സുബ്രതോ പോൾ വീണുകിടുന്നു തടഞ്ഞ കാഴ്ച ദീർഘനിശ്വാസത്തോടെയാണ് കാണികൾ കണ്ടത്.

കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പുര്‍ എഫ്സി മല്‍സരത്തിനു മുന്‍പു ടീമംഗങ്ങള്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ഗ്യാലറിയില്‍ നിന്നുള്ള ദൃശ്യം. . ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍

ബെർബറ്റോവിനെ ഫൗൾ ചെയ്തതിന് രണ്ട് ജംഷഡ്പുർ താരങ്ങൾ മഞ്ഞക്കാർഡ് കണ്ടതുതന്നെ മതി താരത്തെ അവർ എത്ര ഭയപ്പെട്ടിരുന്നു എന്നു മനസസിലാക്കാൻ. തന്നെ മാർക്ക് ചെയ്യാൻ നിയോഗിക്കപ്പെട്ട ബ്ലാസ്റ്റേഴ്സ് മുൻ താരം കൂടിയായ മെഹ്താബ് ഹുസൈനുമായി ബെർബ ഇടയ്ക്ക് ഇടയുകയും ചെയ്തു. ഇത് ഇടയ്ക്കിടെ തുടർന്നതോടെ റഫറിക്ക് ഇടപെടേണ്ടി വന്നു. ഇടയ്ക്ക് പന്തു കാലിൽവച്ച് ബെർബറ്റോവ് മെഹ്താബിനെ ‘പോരിനു വിളിക്കുന്ന’ കാഴ്ചയും കണ്ടു. ഇരുവരെയും വിളിച്ച് റഫറി സംസാരിച്ചെങ്കിലും ഫൗളുകൾ നിർബാധം തുടർന്നതോടെ മെഹ്താബിനും രണ്ടാം പകുതിയിൽ ബെർബറ്റോവിനും റഫറി മഞ്ഞക്കാർഡ് സമ്മാനിച്ചു. 10–ാം നമ്പർ താരം ജെറിക്കു പകരക്കാരനായി കളത്തിലിറങ്ങിയ ഫാറൂഖ് ചൗധരിയാണ് ബെർബയെ ഫൗൾ ചെയ്ത് മഞ്ഞക്കാർഡ് കണ്ട രണ്ടാമത്തെ താരം.

കേരള ബ്ലാസ്റ്റേഴസ് - ജംഷഡ്പുര്‍ എഫ്സി മല്‍സരം കാണാനെത്തിയ ആരാധകരുടെ ആവേശ കാഴ്ചകള്‍. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍

രണ്ടാം മൽസരത്തിലും താരമായി പോൾ റെച്ചൂബ്ക

ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാൻ കഴിയാതെ പോയത് ചർച്ചയാക്കുമ്പോൾ, എതിരാളികളെ ഗോളടിക്കാനും അനുവദിക്കാതിരുന്ന പോൾ റെച്ചൂബ്കയെന്ന മഞ്ഞപ്പടയുടെ ഗോൾകീപ്പറെ മറക്കുന്നതെങ്ങനെ. മൽസരത്തിൽ മേധാവിത്തം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും ഏറ്റവും മികച്ച രണ്ട് ഗോളവസരങ്ങൾ ലഭിച്ചത് ജംഷഡ്പുരിനായിരുന്നു. ഗോളെന്നുറപ്പിച്ച് ഗാലറികളുടെ നെഞ്ചിടിച്ചുപോയ നിമിഷത്തിലും പോസ്റ്റിനു മുന്നിൽ അസാമാന്യ മികവോടെ നിലയുറപ്പിച്ച റെച്ചൂബ്കയെ രക്ഷകനെന്നല്ലാതെ മറ്റെന്തു വിളിക്കും!

കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പുര്‍ എഫ്സി മല്‍സരത്തിനു മുന്‍പുള്ള ആരാധകരുടെ ആവേശ കാഴ്ചകള്‍. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍

30–ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് റെച്ചൂബ്കയുടെ വിലയറിഞ്ഞ ആദ്യ നിമിഷം. ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ കെർവൻസ് ബെൽഫോർട്ടിനെ വീഴ്ത്തിയതിനു ശിക്ഷയായി ബ്ലാസ്റ്റേഴ്സ് ബോക്സിനു തൊട്ടുവെളിയിൽ ജംഷഡ്പുരിന് അനുകൂലമായി ഫ്രീകിക്ക്. മെമോയെടുത്ത കിക്ക് റെച്ചൂബ്ക മുഴുനീളെ ഡൈവിലൂടെ തടുത്തിട്ടത് ജെറിയുടെ കാലുകളിൽ. റെച്ചൂബ്ക വീണുകിടക്കെ പന്തു ലഭിച്ച ജെറി അതു വലയിലേക്കു പായിച്ചെങ്കിലും വീണ്ടും റെച്ചൂബ്കയുടെ അമാനുഷ പ്രകടനം. വീണിടത്തുനിന്ന് ചാടി പന്തു തടുത്ത റെച്ചൂബ്കയ്ക്ക് ഗാലറിയുടെ നിറഞ്ഞ കയ്യടിയും.

പിന്നീട് രണ്ടാം പകുതിയിലും രണ്ടു തവണ ഉറച്ച ഗോളവസരങ്ങളിൽ റെച്ചൂബ്ക ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. 75–ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഫാറൂഖ് ചൗധരിയുടെ മികച്ചൊരു ഷോട്ട് കയ്യിലൊതുക്കിയ റെച്ചൂബ്കയുടെ മനഃസാന്നിധ്യത്തിന് നൽകണം കയ്യടി. മൽസരം 90–ാം മിനിറ്റിലേക്ക് കടന്നപ്പോഴും പോസ്റ്റിനു മുന്നിൽ രക്ഷകനായി റച്ചൂബ്ക അവതരിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ സാക്ഷാൽ കെർവൻസ് ബെൽഫോർട്ട് തൊടുത്ത പൊള്ളുന്ന ഷോട്ട് മുഴുനീളത്തിൽ ഡൈവ് ചെയ്താണ് റച്ചൂബ്ക കുത്തിയകറ്റിയത്.

കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴസ് - ജംഷഡ്പുര്‍ എഫ്സി മല്‍സരം കാണാനെത്തിയ ആരാധകരുടെ ആവേശ കാഴ്ചകള്‍. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍
കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പുര്‍ എഫ്സി മല്‍സരത്തിനു മുന്‍പു ടീമംഗങ്ങള്‍ പരിശീലനത്തിനിറങ്ങിയപ്പോൾ. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍