തിരുവനന്തപുരം∙ കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്രവന്യജീവി നിയമത്തിന്റെ ലംഘനം. സംസ്ഥാന, കേന്ദ്ര വന്യജീവി ബോർഡുകളുടെ അധികാരം അവഗണിച്ചുകൊണ്ടാണ് അതിർത്തിമാറ്റാനുള്ള നീക്കം. ഇതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായി.
വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ അതിർത്തി പുനർനിർണയിക്കാൻ കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. കേന്ദ്ര വന്യജീവി നിയമത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നത്. ഇതു സംബന്ധിച്ച ചട്ടങ്ങളും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചാൽ, പിന്നെ സംസ്ഥാന സർക്കാരിനു മാത്രമായി അതേക്കുറിച്ചു തീരുമാനമെടുക്കാനാവില്ല. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ്, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് എന്നിവ എന്തിനാണ് അതിർത്തി പുനർനിർണയിക്കേണ്ടത് എന്നത് ചർച്ച ചെയ്യണം. പിന്നീട് വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വിശദമായി പരിഗണിക്കണം. തുടർന്ന് കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് അനുമതി നൽകണം.
അല്ലാതെ സംസ്ഥാനം നിശ്ചയിക്കുന്ന സെക്രട്ടറിതല സമിതിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. മാത്രമല്ല, ദേവികുളം സബ്കലക്ടറാണ് കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഒാഫിസർ. നിലനിൽക്കുന്ന നിയമപ്രകാരം മാത്രമേ ആ ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. ഭൂരേഖകളുടെ വിശദപരിശോധനയാണ് ഇതിൽ ആദ്യം. അല്ലാതെ സർക്കാരിന്റെ രാഷ്ട്രീയ തീരുമാനം സബ്കലക്ടർക്കു നടപ്പാക്കാനാവില്ല. ഇതോടെ പി.എച്ച്. കുര്യൻ അധ്യക്ഷനായ സെക്രട്ടറിതല സമിതിയുടെ തീരുമാനമോ മന്ത്രിമാർ നൽകുന്ന ഉത്തരവുകളോ ഇക്കാര്യത്തിൽപ്രായോഗിക തലത്തിൽ കൊണ്ടുവരാനാവില്ലെന്നു വ്യക്തമാണ്. മറിച്ച് നടപടിയെടുത്താൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.